
പത്താന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ആറു പ്രതികളില്‍ മൂന്നു പേര്‍ക്ക് ജീവപര്യന്തം. സാഞ്ജിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്കാണ് ജീവപര്യന്തം. മറ്റ് മൂന്നു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. ഇവര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.
ഗ്രാമമുഖ്യനും മൂന് റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജറിയ, പര്‍വേഷ് കുമാര്‍, എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരാണ് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തത്. ഇവ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് പത്താന്‍കോട്ട് സെഷന്‍സ് കോടതി വ്യക്തമാക്കി.
സാഞ്ജി റാമിന്റെ അനന്തരവന്റെ സുഹൃത്ത് ആനന്ദ് ദത്ത, തെളിവ് നശിപ്പിക്കുന്നതിന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരായ സുരേന്ദര്‍ വര്‍മ്മ, തിലക് റാം എന്നിവരെയാണ് അഞ്ചു വര്‍ഷം ശിക്ഷിച്ചത്. ഇവര്‍ക്കെതിരെ ഐപിസി 201 പ്രകാരം ചുമത്തിയ തെളിവു നശിപ്പിച്ചുവെന്ന കുറ്റം തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ രണ്ടാം പ്രതിയാക്കിയിരുന്ന സാഞ്ജി റാമിന്റെ മകന് വിശാല്‍ ഗംഗോത്രയെ സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ നടപടി ആരംഭിച്ചിട്ടില്ല.






