
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പദ്ധതികളാണ് പ്രിയങ്ക തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കിഴക്കന്‍ യുപിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ആഴ്ചയില്‍ രണ്ടു ദിവസം കൂടിക്കാഴ്ച നടത്തും. അടിത്തട്ടില്‍ നിന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ച.
ഔദ്യോഗിക അനുമതി കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കയെ കാണാന്‍ സാധിക്കും. എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഒരു മണിവരെ താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക കൂടികാഴ്ച നടത്തും.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് സ്ഥിരം സന്ദര്‍ശനം നടത്താനും പ്രിയങ്ക തീരുമാനിച്ചിട്ടുണ്ട്. എന്തൊക്കെ കാരണങ്ങളാണ് തെരഞ്ഞെടുപ്പ് പതനത്തിനു കാരണമായതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പഠിക്കും. ഇതിനോടകം പ്രിയങ്ക പ്രവര്‍ത്തകരുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തി കഴിഞ്ഞെന്നു പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇതിനോടൊപ്പം തന്നെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമുള്ള റായ്ബറേലി സന്ദര്‍ശനത്തിലും പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. റായ്ബറേലിയും അമോത്തിയും ഉള്‍പ്പെടെയുള്ള യുപിയിലെ പ്രധാനമണ്ഡലങ്ങളെല്ലാം പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ റായ്ബറേലി ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്.






