
ലഖ്നോ: ഉത്തർപ്രദേശിൽ സ്ഥലനാമങ്ങൾ മാറ്റുന്ന നടപടികൾ തുടരുന്നതിനിടെ അയോധ്യ ജില്ലയിലെ രണ്ട് പ്രദേശങ്ങൾക്ക് കൂടി പുതിയ പേരുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭദർസ മുനിസിപ്പൽ നഗരത്തിന് ഇനി 'ഭരത് നഗർ' എന്ന പേരായിരിക്കും. പുതുതായി രൂപീകരിച്ച ഖിലോണി-സുചിതഗഞ്ച് നഗർ പഞ്ചായത്തിന് 'മാ ജ്വാലാ ജി നഗർ പഞ്ചായത്ത്' എന്ന പേരും നൽകി. ബികാപൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു പ്രഖ്യാപനം.
ബി.ജെ.പി എം.എൽ.എ അമിത് സിങ് ചൗഹാൻ മുന്നോട്ടുവച്ച ആവശ്യത്തെ തുടർന്നാണ് ഖിലോണി-സുചിതഗഞ്ചിന്റെ പേര് മാറ്റിയതെന്ന് യോഗി അറിയിച്ചു. ശ്രീരാമന്റെ സഹോദരൻ ഭരതന്റെ ത്യാഗത്തെയും സഹോദരസ്നേഹത്തെയും ആദരിക്കുന്നതിനായാണ് ഭദർസയ്ക്ക് 'ഭരത് നഗർ' എന്ന പേര് നൽകിയതെന്നും ഭരതകുണ്ഡുമായി ബന്ധപ്പെട്ട പ്രദേശം ഇനി മുതൽ 'ഭരത്' എന്ന പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ സമാജ്വാദി പാർട്ടിക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. സമീപ മാസങ്ങളിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. അയോധ്യയുടെ ആത്മീയ പാരമ്പര്യവും സാംസ്കാരിക സ്വത്വവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരുമാറ്റങ്ങൾ നടപ്പാക്കിയതെന്നും, പ്രാദേശിക ജനങ്ങളുടെ വികാരങ്ങളെയും ചരിത്ര പാരമ്പര്യത്തെയും മാനിച്ചാണ് തീരുമാനമെടുത്തതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.






