
മലോഗാവ് സ്ഫോടനക്കേസിലെ പ്രതിയും എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയ്ക്കിടെ ലോക്സഭയില്‍ ബഹളം. തന്റെ പേരിനൊപ്പം ആത്മീയ നാമവും ഗുരുവിന്റെ പേരും ചേര്‍ത്ത് പറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് സഭയില്‍ വാക്കുതര്‍ക്കമായത്. തുടര്‍ന്ന രണ്ട് വട്ടം തടസ്സപ്പെട്ട സത്യപ്രതിജ്ഞാവാചകം മൂന്നാം തവണയാണ് പ്രജ്ഞ പൂര്‍ത്തിയാക്കിയത്.
സംസ്കൃതത്തിലായിരുന്നു പ്രജ്ഞയുടെ സത്യപ്രതിജ്ഞ. ' ഞാന്‍ പ്രജ്ഞാ സിങ് ഠാക്കൂര്‍ പൂര്ണ് ചേത്നന്ദ് അവദേശാനന്ദ ഗിരി' എന്നു പറഞ്ഞാണ് പ്രജ്ഞ സത്യപ്രതിജ്ഞ ആരംഭിച്ചത്. പ്രജ്ഞ അവരുടെ ഗുരു സ്വാമി അവദേശാനന്ദ ഗിരിയുടെ പേരാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തതെന്നും ഇത് തെരഞ്ഞെടുപ്പ് രേഖയിലില്ലാത്തതാണെന്നും പ്രതിപക്ഷ എം.പിമാര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് രേഖകളില്‍ ഇല്ലാത്ത പേര് സത്യപ്രതിജ്ഞയില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നത്തും പ്രതിപക്ഷം ഉന്നയിച്ചു. കേരളത്തിലടക്കമുള്ള എം.പിമാര്‍ അടങ്ങുന്ന പ്രതിപക്ഷ നിരയാണ് ബഹളം വചച്ചത്.
പേര് പറയണമെനങ്കില് ഗുരുവിന്റെ പേരല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്സഭാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത് എന്റെ യഥാര്‍ത്ഥ പേരാണെന്നായിരുന്നു പ്രജ്ഞയുടെ വാദം. ബഹളം കനത്തതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖകള്‍ പരിശോധിക്കണമെന്ന് പ്രൊടെം സ്പീക്കര്‍ വീരേന്ദ്രകുമാര്‍ അറിയിച്ചു. തുടര്‍ന്ന തെരഞ്ഞെടുപ്പ് രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രജ്ഞ സിങ് ഠാക്കൂര്‍ എന്ന പേര് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയന് സിങിനെയാണ് പ്രജ്ഞ പരാജയപ്പെടുത്തിയത്.






