
കൊച്ചി: നവോത്ഥാന പ്രവര്‍ത്തനവും വിശ്വാസ സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ഇടതുപക്ഷവും ആശയ വ്യക്തത വരുത്തണമെന്നും കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. അയ്യങ്കാളിയുടെ 79-ാംമത് വാര്‍ഷിക അനുസ്മരണ ദിനത്തിനോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നവേത്ഥാന സമൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആരും പിന്നോട്ടല്ല. ശബരിമല പോലുള്ള പ്രശ്നങ്ങള്‍ ഇനിയുമുണ്ടാകും. ആര് കൈയ്യൊഴിഞ്ഞാലും സാമൂഹ്യ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നിന്നും കെ.പി.എം.എസ് പിന്നോട്ട് പോകില്ലെന്നും തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ തുലാസില്‍ സാമൂഹിക പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ വിലയിരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അധികാര രാഷ്ട്രീയം വ്യവസ്ഥിതിയോട് സമരസപ്പെടാന്‍ പ്രേരിപ്പിക്കുന്നു. അധികാര രാഷ്ട്രീയമാണ് വ്യവസ്ഥിതിയോട് സമരസപ്പെടാന്‍ പുരോഗമന പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്. അധീകാരം പോലും ത്യജിച്ച് സമൂഹ സൃഷ്ടിക്ക് നേതൃത്വം നല്കിയ ഇത്തരം പ്രസ്താനങ്ങളുടെ ഇന്നത്തെ നിലപാടില്‍ ആശങ്കയുണ്ട്. വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കാനുള്ള ഇടതുമുന്നണിയുടെ പദ്ധതി, പരിഷ്കരണ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എങ്കില്‍ നവോത്ഥാന മൂല്യ സംരക്ഷണത്തിന് പ്രസക്തിയില്ല' പുന്നല ശ്രീകുമാര്‍ പറഞ്ഞു.






