
ബംഗലുരു: കര്‍ണാടക ഉടന്‍ തന്നെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചേക്കുമെന്ന് മുന്‍ മന്ത്രി എച്ച്ഡി ദേവഗൗഡയും പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പഴയ ജനസമ്പര്‍ക്ക പരിപാടി പൊടി തട്ടിയെടുക്കുന്നു. വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പര്യടനം നടത്തിയ കുമാരസ്വാമി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഉച്ചഭക്ഷണം കഴിക്കുകയും ക്ളാസ്സ് റൂമില്‍ രാത്രി കിടക്കുകയും ചെയ്തു. ഗ്രാമീണരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും വേണ്ടി കുമാരസ്വാമി ഇത്തരം പര്യടനം മുമ്പും നടത്തിയിട്ടുണ്ട്.
വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ഗുര്മിട്കല് താലൂക്കിലെ ചന്ദ്രാകി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു കുമാരസ്വാമി ഇന്നലെ ഉറങ്ങിയത്. സ്കൂളില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത് അനേകരാണ്. തലേദിവസം പുലര്‍ച്ചെ കര്‍ണാടകാ എക്സ്പ്രസില്‍ യാദ്ഗിര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ കുമാരസ്വാമിയെ സ്വാഗതം ചെയ്യാന്‍ വന്‍ ജനാവലിയായിരുന്നു എത്തിയത്. വടക്കന്‍ ബംഗലുരുവില്‍ നിന്നും 490 കിലോമീറ്റര്‍ ദൂരത്താണ് യാദ്ഗിരി. പിന്നീട് ഗുര്‍മിത്കല്‍ വഴി ചന്ദ്രാകിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിയിലൂടെ നീളം ആള്‍ക്കാരെ കണ്ടുകണ്ടാണ് പോയത്.
അടുത്തിടെ നവീകരിച്ച സര്‍ക്കാര്‍ സ്കൂള്‍ പരിശോധന നടത്തുകയും അവിടുത്തെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. രാത്രി സ്കൂളില്‍ തങ്ങി ജനങ്ങളെ കാണുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. രാത്രി മന്ത്രി കഴിഞ്ഞ സ്കൂളിന് സമീപം ഗ്രാമവാസികള്‍ സംഗീത പരിപാടികള്‍ നടത്തി. സമീപ ഗ്രാമങ്ങളില്‍ നിന്നു പോലും സ്ത്രീകളും യുവാക്കളും കര്‍ഷകരും തൊഴിലാളികളും കച്ചവടക്കാരും കാണാനെത്തി. പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കുമാരസ്വാമി ഇത്തരം പരിപാടി നടത്തുന്നത്. മികച്ച സ്കൂള്‍, ആരോഗ്യകേന്ദ്രങ്ങള്‍, റോഡ് സൗകര്യം, വിത്ത്, വളം, അഭ്യസ്ത വിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ തുടങ്ങി അനേകരാണ് നിവേദനം നല്‍കിയത്.
ഗ്രാമീണര്‍ക്കൊപ്പം സാംസ്ക്കാരിക പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി തടസ്സങ്ങളില്ലാതെ നേരിട്ട ഇടപെടുന്ന പരിപാടി എച്ച്.ഡി. കുമാരസ്വാമി മുമ്പും നടപ്പിലാക്കിയിട്ടുണ്ട്. 2006-07 ല്‍ ജെഡിഎസ്-ബിജെപി സഖ്യകക്ഷി ഭരിച്ച കാലത്ത് മുഖ്യമന്ത്രി യായി നിയോഗിതനായപ്പോള്‍ ഗ്രാമീണരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുള്ള ഇത്തരം ഒരു പരിപാടി എച്ച് ഡി കുമാരസ്വാമി ആദ്യം ചെയ്തത്. പരിപാടി ഏതാനും ദിവസങ്ങള്‍ നീണ്ടു നില്ക്കും. ഇന്ന് കലബുറഗി ജില്ലയിയോട് ചേര്‍ന്നു കിടക്കുന്ന അഫസല്പൂരിന് സമീപത്തെ ഹെരൂര്‍ ഗ്രാമത്തിലേക്കാണ് ഇന്ന് കുമാരസ്വാമി പോകുന്നത്. ഇവിടെയും രാത്രി തങ്ങാനായി ഒരു സര്‍ക്കാര്‍ സൂളിലാണ് ഇവിടെയും രാത്രി തങ്ങുന്നത്.
ഇതിന് പിന്നാലെ ജൂണ്‍ 28 - 29 ന് ബാദര്‍ ജില്ലയിലെ ബസവകല്യാണും റായ്ചുര്‍ ജില്ലയിലെ സിന്ധാനൂരിലും സ്കൂളില്‍ രാത്രി ചെലവഴിക്കുന്നുണ്ട്. അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ജെഡിഎസ് ഭരണം നടത്തുന്നത്. ഈ സഖ്യം അപകടത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലൂം തകര്‍ന്നേക്കാം എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കര്‍ണാടക അടുത്ത തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതായി കഴിഞ്ഞ ദിവസമാണ് എച്ച് ഡി ദേവഗൗഡ പറഞ്ഞത്.






