
ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ ഭരണം നില നിര്‍ത്തിയ ശേഷം ആദ്യ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് തന്നെ വെടി പൊട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തിടെ ചുമത്തിയ പ്രതിനികുതികള് ഒഴിവാക്കണമെന്ന ആവശ്യം കര്‍ശനമായി ഉന്നയിച്ചു. ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തിയ ഉയര്‍ന്ന നികുതിയെ ''അസ്വീകാര്യം'' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ ഉയര്‍ന്ന തീരുവയ്ക്ക് പകരമായി ഇന്ത്യയൂം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അടുത്തിടെ നികുതി കൂട്ടിയിരുന്നു. ഇതിനെതിരേയാണ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. വെള്ളിയാഴ്ച ജപ്പാനിലെ ജി20 ഉച്ചകോടിക്കിടയില്‍ നരേന്ദ്രമോഡിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോഡിയുമായി ഇക്കാര്യം സംസാരിക്കുമെന്നും വ്യാഴാഴ്ച ട്രംപ് നടത്തിയ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നികുതി ഏര്‍പ്പെടുത്താറുണ്ട്. അടുത്തിടെ നികുതി വീണ്ടും കൂട്ടി. ഇത് അസ്വീകാര്യമാണ്. നികുതി പിന്‍വലിക്കുക തന്നെ വേണം.'' ട്രംപ് കുറിച്ചു.
ബദാം, വാല്‍നട്ട്സ്, ആപ്പിള്‍ എന്നിവ ഉള്‍പ്പെടെ 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ ഈ മാസം ആദ്യം തീരുവ കൂട്ടിയത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ മെയ് മുതല്‍ പല ചാര്‍ജ്ജുകളും ഈടാക്കിയതിന് പുറമേയാണ് ഉയര്‍ന്ന നികുതി ചുമത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക നേരത്തേ തീരുവ കൂട്ടിയിരുന്നു. അന്നുമുതല്‍ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പല തൊടുന്യായങ്ങളും ട്രംപ് ഇക്കാര്യത്തില്‍ ഉന്നയിച്ചതോടെ പ്രതിനടപടി എന്ന നിലയിലാണ് ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി കൂട്ടിയത്. ജൂണ്‍ 1 ന് ജിഎസ്പി ഉള്‍പ്പെടെ അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന പല ഇളവുകളും എടുത്തു കളഞ്ഞിരുന്നു.
അടുത്തിടെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ അമേരിക്കയുടെ തീരമാനത്തെ പോംപിയോ ന്യായീകരിച്ചിരുന്നു. ജി20 ഉച്ചകോടിക്കായി അമേരിക്കയില്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ട്രംപ് ഉള്‍പ്പെടെ ലോക നേതാക്കളുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ എച്ച്1ബി വിസ, ജിഎസ്പി പിന്‍വലിക്കല്‍ തുടങ്ങി ഇന്ത്യയൂം അമേരിക്കയുമായി ധാരണയില്ലാതെ നില്ക്കുന്ന വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും. ഈ വര്‍ഷം അവസാനവും മോഡിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനുണ്ട്്.






