ന്യുഡല്‍ഹി: കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പാസ്വാന് വീണ്ടും രാജ്യസഭയിലേക്ക്. ബീഹാറില്‍ നിന്ന് എതിരില്ലാതെയാണ് പാസ്വാന് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയാണ് പാസ്വാന്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബീഹാര്‍ ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിത്യാനന്ദ റായ്, സംസ്ഥാന മന്ത്രി നന്ദകിഷോര്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് പാസ്വാന് രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
രാജ്യത്തെ ദളിത് നേതാക്കളില്‍ പ്രമുഖനാണ് രാംവിലാസ് പാസ്വാന്. 1969ല്‍ ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പാസ്വാന്റെ ആദ്യ തെരഞ്ഞെടുപ്പ് ജയം. 1977 മുതല്‍ ഒന്‍പത് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2010ന് മുമ്പ് ഒരു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.പി സിംഗ്, ഐ.കെ ഗുജ്റാള്‍, എ.ബി വാജ്പേയ്, മന്മോഹന് സിംഗ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.






