
കട്ടപ്പന: പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് റിമാന്‍ഡിലിരിക്കെ മരിച്ച തട്ടിപ്പുകേസ് പ്രതി രാജ്കുമാര് വ്യക്തമാക്കിയിരുന്നതായി ഡോക്ടര്‍മാരുടെയും വെളിപ്പെടുത്തല്‍. രാജ് കുമാറിനെ കൊണ്ടുവന്ന കോട്ടയം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പോലീസുകാര്‍ അവശനിലയില്‍ ഇവിടെ എത്തിച്ചപ്പോള്‍ രാജ്കുമാര് ഡോക്ടര്‍മാരോട് ഇക്കാര്യം പറഞ്ഞെങ്കിലും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ പോലീസുകാരുടെ നിര്‍ദേശാനുസരണം ഡോക്ടര്‍മാര്‍ വിട്ടയച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. അവശനിലയില്‍ രാജ്കുമാറിനെ പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് 19,20 തീയതികളിലായിരുന്നു.
അതിനിടയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നും മരിച്ചശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും സഹതടവുകാരന് പറയുന്നു. മറ്റൊരു കേസില്‍പെട്ട് പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന സുനില്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. വ്യാഴാഴ്ചയാണ് സുനില്‍ ജാമ്യത്തില്‍ ഇറങ്ങിയത്. നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പീരുമേട് ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്നും രാജ്കുമാറിനെ ജയിലിലേക്ക് കൊണ്ടുവന്നത് സ്ട്രച്ചറില്‍ ആണെന്നും സുനില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് സുനില്‍ വിശദീകരിക്കുന്നതിങ്ങനെ: ജയിലിലേക്കു കൊണ്ടുവന്നത് സ്ട്രച്ചറിലാണ്. കാലൊക്കെ തൂങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്നു രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. െവെകിട്ടു തിരിച്ചു കൊണ്ടുവന്നു.
അടുത്ത ദിവസവും ആശുപത്രിയില്‍ കൊണ്ടുപോയി. ആംബുലന്‍സില്‍ 13 പേരാണ് കയറിയത്. എട്ടു പോലീസുകാരും ഡ്രൈവറും മൂന്നു രോഗികളും. സ്ട്രച്ചറില്‍ കിടത്തേണ്ട ആളിനെ ചെരിച്ചിരുത്തി കാലൊക്കെ കുത്തിയൊടിച്ചാണ് കൊണ്ടുപോയത്. ഇരിക്കാന്‍ വയ്യെന്ന് പറഞ്ഞ് രാജ്കുമാര് നിലവിളിച്ചപ്പോള്‍ ഇരിക്കെടാ എന്ന് പറഞ്ഞ് പോലീസുകാര്‍ പിടിച്ചിരുത്തി.
തിരിച്ചുകൊണ്ടുവന്നശേഷം വെള്ളം പോലും ഇറക്കിയില്ല. മൂത്രം പോകാത്ത അവസ്ഥയിലായിരുന്നു. െവെകിട്ട് ഏഴ് മണി മുതല്‍ നെഞ്ചുവേദന എടുക്കുന്നെന്ന് പറഞ്ഞ് കരഞ്ഞു. ഒരു പോലീസുകാരന് വന്ന് എന്തോ ഗുളിക കൊടുത്തു. സാറേ ഇത്തിരി വെള്ളം തരുവോന്ന് ചോദിച്ചു. അയാള്‍ തിരിഞ്ഞുനോക്കുമ്പോഴേക്ക് രാജ്കുമാര് ചെരിഞ്ഞുവീണു. അന്നേരം തന്നെ മരിച്ചുവെന്നും അതിനുശേഷമാണ് പോലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും സുനില്‍ പറയുന്നു.






