
നെടുങ്കണ്ടം: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തില്‍ കസ്റ്റഡിമര്‍ദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനില്‍ നാലു ദിവസം കസ്റ്റഡിയില്‍ വെച്ചത് ഇടുക്കി എസ്പിയും കട്ടപ്പന ഡിവൈഎസ്പിയും അറിവോടെയാണെന്ന വിവരവും പുറത്തു വരികയാണ്. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും.
സ്റ്റേഷന് രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തും. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ് ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനില്‍ നാല് ദിവസം കസ്റ്റഡിയില്‍ വച്ചത് ഇടുക്കി എസ്പിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും അറിവോടെയെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. ഈ മാസം 16ന് പുലര്‍ച്ചെയാണ് അറസ്റ്റു രേഖപ്പെടുത്തിയശേഷം രാജ്കുമാറിനെ മജിസ്ടേറ്റിന്റെ മുന്നില്‍ കുമാറിനെ ഹാജരാക്കിയത്.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ വരുന്ന ജില്ലാ സ്പെഷല്‍ ബ്രാഞ്ച് പ്രതി ശാരീരികമായി അവശനിലയാണ് എന്ന് 13നും 14നും രണ്ടു തവണ മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് രണ്ടു ദിവസം കൂടി സ്റ്റേഷനില്‍ പാര്‍പ്പിച്ചത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് നമ്പരിലേക്ക് നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കുമാറിന്റെ ചിത്രവും കേസിലെ വിവരങ്ങളും നല്‍കിയിരുന്നു. പൊലീസുകാര്‍ക്കെതിരെ മാത്രം നടപടി വന്നതോടെ പൊലീസിലെ തന്നെ ഒരു വിഭാഗം കുമാറിന്റെ അവശത സംബന്ധിച്ചു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്ത വിവരം പുറത്തു വിടുകയായിരുന്നു.
എന്നാല്‍ ഈ വിവരം സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ഔദ്യോഗികമായി അറിയിച്ചില്ല എന്നാണ് ഇവര്‍ പറയുന്നത്. കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തില്‍ പീരുമേട് സബ് ജയില്‍ അധികൃതര്‍ക്കു പങ്കുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. രാജ്കുമാറിനു തുടര്‍ ചികില്‍സ നല്കാന് ജയില്‍ അധികൃതര്‍ തയാറായില്ല. മൂത്രത്തില്‍ രക്തം കണ്ടതോടെയാണു പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.
19, 20 തീയതികളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നതെങ്കിലും ചികിത്സ നല്‍കിയതിന്റെ രേഖകളില്ല. 19 ാം തീയതി ഒ പി ഇല്ലായിരുന്നതിനാല്‍ റജിസ്റ്ററില്‍ ഒരിടത്തും ഇയാളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.






