തിരുവനന്തപുരം : അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു . കല്ലട ബസിൽ ഉണ്ടായ സംഭവത്തെ തുടർന്ന് ബസ്സുകളിൽ റൈഡ് നടത്തിയതിനെതിരെയാണ് ബസ്സ് ഉടമകൾ പണിമുടക്ക് നടത്തിയത്. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
എന്നാൽ ബസ്സുകളിൽ മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുക തന്നെ ചെയ്യും. സർക്കാർ ഉന്നയിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ് ഉടമകൾ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് നൽകുമെന്നും ബസ് ഉടമകൾ പറഞ്ഞു.
ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.






