
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം അമിത വേഗതയെന്ന് സാങ്കേതിക പരിശോധനാ ഫലം. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വ്വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകട സമയത്ത് കാറിന്റെ വേഗത 100നും 120നും ഇടയില്‍ ആണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. അപകടം പുനരാവിഷ്കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്കര്‍ മരിക്കാന്‍ ഇടയായ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് ആരാണ് വാഹനം ഓടിച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള ഫോറന്‍സിക് ഫലം കൂടി ഇനി ലഭിക്കാനുണ്ട്.
പ്രാഥമിക പരിശോധനയില്‍ അപകടം ആസൂത്രിതമല്ലെന്ന സൂചന ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അന്തിമ നിലപാട് സാങ്കേതിക പരിശോധനാ ഫലവും ഫോറന്‍സിക് റിപ്പോര്‍ട്ടും പിരശോധിച്ച ശേഷമാകും.
2018 സെപ്റ്റംബര്‍ 25നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍പെടുന്നത്. മകള്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയില്‍ വച്ചു മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പിരിക്കേറ്റിരുന്നു.






