
കൊച്ചി : നിലവിലെ സാഹചര്യങ്ങളൊക്കെ മാറി സഭ വളരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാധാനവും കൂട്ടായ്മയും വര്‍ദ്ധിച്ചുവരണം എന്നാണ് മാര്‍പാപ്പയുടെ ആഗ്രഹം. സഭയും താനും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സഭയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തിരിച്ചെടുത്തതിനെതിരെ ഒരു വിഭാഗം വൈദികര്‍ അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആലഞ്ചേരിയുടെ പ്രതികരണം. നിയമം പാലിച്ചിരുന്നില്ലെങ്കില്‍ നിലവിലെ വിവാദങ്ങള്‍ ഒന്നും ഉണ്ടാകുമായിരുന്നില്ലെന്നും അതിനാല്‍ ഇനി ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ഭരണം മുന്നോട്ട് പോകാനാകില്ലെന്നും അതിരൂപതയ്ക്ക് മാത്രമായി പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നുമാണ് വൈദികരുടെ ആവശ്യം.
ഭൂമി വിവാദത്തില്‍ ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോജ്ജ് ആലഞ്ചേരിയെ അതിരൂപയുടെ പൂര്‍ണ്ണ ഭരണ ചുമതല നല്കി തിരിച്ചു കൊണ്ടുവന്ന നടപടിക്കെതിരെ വൈദികര്‍ യോഗം വിളിച്ചിരുന്നു.






