
ന്യൂഡല്‍ഹി: താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചരണം തെറ്റാണെന്ന് ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബ സുഹൃത്തായ കേന്ദ്രസഹമന്ത്രി വി മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയം ബിജെപി പതാക നല്‍കിയാണ് തന്നെ സ്വീകരിച്ചതെന്നും അഞ്ജു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് തെറ്റായ വാര്‍ത്തയാണെന്നും അഞ്ജു വ്യക്തമാക്കി.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് നേരത്തെ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും പരിപാടിക്കെത്തിയപ്പോള്‍ പതാക നല്കി യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി.മുരളീധരനും പറഞ്ഞു. അവര്‍ പാട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും തന്നെ കാണാനായാണ് അവര്‍ ബംഗളൂരില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന് രംഗത്തെത്തിയത്.






