
ബിര്‍മ്മിങ്ങാം: ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 49-മത്തെ ഓവറില്‍ 223 റണ്‍സിന് ഓള് ഔട്ടാകുകയായിരുന്നു.മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിന്റെ ( 119 പന്തില്‍ ആറു ബൗണ്ടറി ഉള്‍പ്പെടെ 85 റണ്‍സ്) ഇന്നിങ്സാണ് തകര്‍ന്നടിഞ്ഞ ഓസീസ് ഇന്നിങ്സിന് തുണയായത്. പൊരുതാതെ മുന്‍നിര ബാറ്റ്സ്നമാര് മടങ്ങിയതിനു പിന്നാലെ അലക്സ് കാരി- സ്മിത്ത് സഖ്യം കംഗാരുപ്പടയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
എന്നാല്‍ അലക്സ് കാരിയെ(70 പന്തില്‍ നാലു ബൗണ്ടറി സഹിതം 46 റണ്‍സ്) പുറത്താക്കി സ്പിന്നര്‍ ആദില്‍ റാഷിദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സ്റ്റോയിന്‍സും പുറത്തായി. രണ്ടു പന്ത് നേരിട്ട സ്റ്റോയിന്‍സിനെ അക്കൗണ്ട് തുറക്കും മുമ്പ് റാഷിദ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ എത്തിയ ഗ്ലെന്‍ മാക്സ്വെല്(23 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 22 റണ്‍സ്) ആര്‍ച്ചര്‍ക്ക് വിക്കറ്റു നല്കി മടങ്ങി. എട്ടാം വിക്കറ്റില്‍ സ്മിത്തും- മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നൊരുക്കിയ കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. 47-ാം ഓവറില്‍ സ്മിത്ത് റണ്‍ ഔട്ടായതിനു തൊട്ടടുത്ത പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും(36 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 29 റണ്‍സ്) മടങ്ങി.
ടോസ് നേടി ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയാണ് നഷ്ടമായത്. സംപൂജ്യനായാണ് ഫിഞ്ച് മടങ്ങിയത്്. ജോഫ്രാ ആര്‍ച്ചര്‍ ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടടുത്ത വോക്സിന്റെ ഓവറില്‍ ബെയര്‍സ്റ്റോയ്ക്കു ക്യാച്ച് നല്കി ഡേവിജ് വാര്‍ണറും മടങ്ങി. 11 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ ഒന്‍പത് റണ്‍സ് മാത്രം എടുത്താണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെ എത്തിയ പീറ്റര്‍ ഹാന്‍ഡ്കോമ്പും നിലയുറപ്പിക്കുന്നതിനു മുന്നേ വോക്സിനു വിക്കറ്റ് നല്കി കൂടാരം കയറുകയായിരുന്നു. പാറ്റ് കമ്മിന്‍സ്( 10 പന്തില്‍ ആറു റണ്‍സ്), ജേസണ്‍ ബെഹ്ന്ഡോര്ഫ് (നാല് പന്തില്‍ ഒരു റണ്‍സ്)എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്നമാരുടെ പ്രകടനം. നാഥാന് ലിയോണ്ആറു പന്തില്‍ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു. എട്ട് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റു നേടിയ ക്രിസ് വോക്സ് ഇംണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആദില്‍ റാഷിദും മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്രാ ആര്‍ച്ചര്‍ രണ്ട് വിക്കറ്റും, വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്കോമ്പ് ഓസീസ് ടീമില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിര മാറ്റങ്ങളില്ലാതെയാണ് സെമി അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും.






