
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. യൂണിവേഴ്സിറ്റി കോളേജില്‍ വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എസ്എഫ്ഐ യൂണിറ്റിനെതിരെ സംസ്ഥാന കമ്മിറ്റി ശക്തമായ നടപടിയിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ പ്രതികളായവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് അറിയിച്ചു. എസ്എഫ്ഐ സംസ്ഥാന നേതാക്കള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് തീരുമാനം.
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെതിരെയും, യൂണിറ്റ് സെക്രട്ടറി നസുമിനെതിരെയും കുത്തേറ്റ അഖില്‍ മൊഴി നല്‍കിയതിനു പിന്നാലെയാണ് നടപടി. ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും ആക്രമണത്തിന് സഹായിച്ചത് നസീം ആണെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് അഖില്‍ മൊഴി നല്‍കിയത്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസ് അനുമതി തേടിയിട്ടുണ്ട്. അഖിലിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കുകയുള്ളു.
നിലവില്‍ ഒമ്പതോളം സാക്ഷികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസെടുത്തിരിക്കുന്ന ഏഴ് പേരും എസ്എഫ്ഐ പ്രവര്‍ത്തകരാണ്.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്.എഫ്.ഐയ്ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കോളജ് ക്യാന്റീനില്‍ പാട്ടുപാടിയതിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി അഖിലിനാണ് നെഞ്ചില്‍ കുത്തേറ്റത്. രണ്ട് സംഘങ്ങളായുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു അക്രമം.






