
''അവര്‍ എന്നെ കോളജിന്റെ രണ്ടാംനിലയില്‍നിന്നു വലിച്ചെറിഞ്ഞു, നട്ടെല്ല് പൊട്ടി. ഇന്നും നടക്കാന്‍ വയ്യ''- കാമ്പസിലെ കലാപരാഷ്ട്രീയം എങ്ങനെയാണു തന്റെ ജീവിതസ്വപ്നങ്ങള്‍ തകര്‍ത്തതെന്ന് ഇടതുസഹയാത്രികനായ ചെറിയാന് ഫിലിപ്പ് ഓര്‍ത്തെടുത്തു.
''മോഹമുക്തനായ'' കോണ്‍ഗ്രസുകാരനെന്ന് ഒരിക്കല്‍ സാക്ഷാല്‍ ഇ.എം.എസ്. വിശേഷിപ്പിച്ച അതേ ചെറിയാന് ഫിലിപ്പ്... ആ മോഹഭംഗത്തില് വിവാഹസ്വപ്നങ്ങളും ഉള്‍പ്പെടുമോയെന്നു ചോദിച്ചാല്‍ അറുപത്തഞ്ചുകാരനായ ചെറിയാന്റെ മറുപടി ഇങ്ങനെ: ''അതെ, ആ ജീവിതമോഹവും അവര്‍ തകര്‍ത്തുകളഞ്ഞു''.
കാലം 1972, കോളജ് യൂണിയന് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തീര്‍ന്നു. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കെ.എസ്.യു. നേതാവുമായ ചെറിയാന് ഫിലിപ്പ് യൂണിയന് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം.
''പെട്ടെന്നു നാലഞ്ചുപേര് എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാംനിലയില്‍നിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്.എഫ്.ഐക്കാര്‍ കാട്ടിക്കൊടുത്തതിനേത്തുടര്‍ന്ന് പാളയം ചന്തയില്‍നിന്നു വന്ന സി.ഐ.ടി.യുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയില്‍ നട്ടെല്ല് പൊട്ടി.
ഇടതുകാല് ശോഷിച്ചു, നടക്കാന്‍ വയ്യ, കുനിയാന്‍ വയ്യ. കെ.എസ്.യുവിന്റെ പ്രഭാവകാലമായിരുന്നു. എസ്.എഫ്.ഐക്ക് ആള്‍ബലം കുറവ്. അതുകൊണ്ട് അവര്‍ സി.ഐ.ടി.യു. ഗുണ്ടകളെ വിളിച്ചുവരുത്തി. കേസ് പിന്നീടു തേച്ചുമാച്ചുകളഞ്ഞു. ജി. സുധാകരനായിരുന്നു അന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി. ആശുപത്രികളില്‍ മാറിമാറിക്കിടന്നു.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന് ചികിത്സാച്ചെലവ് ഏറ്റെടുത്തു. ഇപ്പോള്‍ ദാ, ശാന്തിഗിരിയില്നിന്നു ചികിത്സ കഴിഞ്ഞതേയുള്ളൂ. 47 വര്‍ഷമായി ഞാന്‍ രോഗിയാണ്. വലിച്ചെറിഞ്ഞവരെ മറന്നെങ്കിലും കാട്ടിക്കൊടുത്തവരെ ഇന്നുമറിയാം''.
അടുത്തവര്‍ഷവും ചെറിയാന് ഫിലിപ്പ് മത്സരിച്ചു. വന്‍ഭൂരിപക്ഷത്തോടെ ജയിച്ചു. 1973-ല്‍ യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറിയായി. യൂണിവേഴ്സിറ്റി കോളജില്‍ പി.ജി. വിദ്യാര്‍ഥിയായിരിക്കേ 1975-ല്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായിരിക്കേ, കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിവിട്ടു. ഇപ്പോള്‍ മോഹമുക്തനായ ആ കോണ്ഗ്രസുകാരന് ഇടതുസഹയാത്രികന്.






