
വയനാട്: പോലീസ് സ്റ്റേഷന്റെ മൂക്കിന് കീഴില്‍ അനേകര്‍ നോക്കി നില്‍ക്കേ തമിഴ്നാട് സ്വദേശിയ്ക്കും ഭാര്യയ്ക്കും യുവാവിന്റെ ക്രൂര മര്‍ദ്ദനം. വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് നടന്ന മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അമ്പല വയലില്‍ ഓട്ടോ ഡ്രൈവറായ ജീവാനന്ദാണ് ഇരുവരെയും മര്‍ദ്ദിച്ചത്. ഇയാളോട് പോലീസ് ഹാജരാവാന്‍ ആവശ്യപ്പെട്ടു.
മര്‍ദ്ദിക്കാനുള്ള കാരണം വ്യക്തമല്ല. ആദ്യം യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വിവാദമായി.
നിരവധി ബൈക്കുകള്‍ക്കിടയില്‍ യുവാവിന്റെ മുഖത്ത് ശക്തമായി അടിക്കുന്നതും വലിച്ചു പൊക്കി വീണ്ടും മര്‍ദ്ദിക്കുന്നതും വീഡിയോയി വ്യക്തം. യുവതി അടുത്തെത്തുമ്പോള്‍ അവരുടെ മുഖത്തും ശക്തമായി തന്നെയാണ് അടിക്കുന്നത്. ഞായറാഴ്ച രാത്രിയാണു സംഭവം നടന്നത്. സംഭവം നടന്നത് പൊലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്.






