
തന്റെ അച്ഛനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതേകുറിച്ച് പ്രതികരിക്കുന്ന ആളായിരുന്നു വിനീത് ശ്രീനിവാസന്. എന്നാല്‍ അടുത്തിടെ ശ്രീനിവാസനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിനീത് പതികരിച്ചിരുന്നില്ല. അതിനു കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെയായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം.
സന്ദേശം സിനിമ എന്തു രാഷ്ട്രീയമാണ് പറഞ്ഞുവെയ്ക്കുന്നതെന്ന് തനിക്കു മനസിലാകുന്നില്ലെന്നു പറഞ്ഞ ശ്യാം പുഷ്കരനേ വാഴ്ത്തിയായിരുന്നു വിനീതിന്റെ മറുപടി. ' സിനിമ മാറി, കുമ്പളങ്ങിയുടെ കാര്യമെടുത്താല്‍ എന്തൊരു ക്രാഫ്റ്റാണ് ശ്യാം പുഷ്കരന്റേത്. ശ്യാം ഓരോ സിനിമകള്‍ കഴിയുന്തോറും അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓഡിയന്‍സും മാറി. വളരെ നന്നായി
നിരീക്ഷിക്കുന്നരാണ് എല്ലാവരും.' വിനീത് പറഞ്ഞു.
'സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാന്‍. പക്ഷേ സിനിമ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണ്ടെന്നാണ് പറയുഞ്ഞുവെയ്ക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത് എന്നായിരുന്നു ശ്യാം പുഷ്കരന് സന്ദേശം സിനിമയെ വിമര്‍ശിച്ചത്.
അതേസമയം ശ്യാം പുഷ്കരന്റെ വാദത്തിനു മറുപടി നല്കി ശ്രീനിവാസന് രംഗത്തെത്തിയിരുന്നു. സിനിമ മുന്നോട്ട് വെയ്ക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമര്‍ശനമെന്ന് ശ്രീനിവാസന് പറഞ്ഞിരുന്നു.
'സന്ദേശം എന്ന സിനിമയില്‍ തിലകന് ചേട്ടെന്റെ ഡയലോഗുണ്ട്. രാഷ്ട്രീയം നല്ലതാണ്. അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം. പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. പിന്നെങ്ങെനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്.? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുന്പില് സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല' ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു.






