
ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിലാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം. അമ്മയുടെ പ്രായം കൂടുന്നതനുസരിച്ച് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു.
നീണ്ട കാത്തിരിപ്പിന്റെ ഫലമാകും അബോര്ഷന് എന്ന ഒറ്റ വാക്കില്‍ തകര്‍ന്നു വീഴുന്നത്. അബോര്ഷന് പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍ പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്ഷന് എന്നു പറയുന്നത്.
ജനിതക വൈകല്യമാണ് അബോര്ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷനു സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്ഷന് സാധ്യത കണക്കാക്കുന്നു.
പ്രായം പ്രധാന ഘടകം
അമ്മയുടെ പ്രായം അബോര്ഷനില് ഒരു പ്രധാന ഘടകമാണ്. ഇരുപത് വയസിനും മുപ്പത് വയസിനും ഇടയിലാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം.
അമ്മയുടെ പ്രായം കൂടുന്നതനുസരിച്ച് കുഞ്ഞിന് ജനിതക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ട് തന്നെ മുപ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പരിശോധനകള്‍ വഴി ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടതാണ്്.
അമ്മയുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും ഗര്‍ഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട കാരണങ്ങള്‍കൊണ്ടും അബേര്‍ഷന്‍ സംഭവിക്കാം. ഇതില്‍ ഗര്‍ഭസ്ഥശിശുവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് ജനിതക പ്രശ്നങ്ങള്‍, വൈകല്യങ്ങള്‍, മുന്തിരിക്കുല ഗര്‍ഭം, ഇരട്ട ഗര്‍ഭം എന്നിവ.
അമ്മയ്ക്കുണ്ടാകുന്ന അണുബാധകള്‍, തൈറോയിഡ് പ്രശ്നങ്ങള്‍, പ്രമേഹം, പ്രഷര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, വളരെക്കാലം നീണ്ടു നില്ക്കുന്ന മറ്റ് അസുഖങ്ങള്‍, അമ്മയുടെ രോഗപ്രതിരോധശേഷി കുറയുക എന്നിവ ഗര്‍ഭം അലസിപ്പോകാനുള്ള കാരണങ്ങളാണ്.
കൂടാതെ റേഡിയേഷന് വിധേയരായവര്‍ക്കും പുകവലിയും മദ്യപാനവും പോലുള്ള ലഹരി ഉപയോഗിക്കുന്ന സ്ത്രീകളിലും അബോര്ഷന് സാധ്യത കൂടുതലാണ്. അമ്മയുടെ ഗര്‍ഭാശയ മുഖത്തിന് ഗര്‍ഭം താങ്ങിനിര്‍ത്താനുള്ള ശേഷി ഇല്ലാതിരിക്കുക, ഗര്‍ഭപാത്രത്തിലെ മുഴകള്‍, ഗര്‍ഭപാത്രത്തിന്റെ ഘടനയിലുള്ള പ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങളും അബോര്‍ഷനു പിന്നില്‍ കാണാം.
ആദ്യ മാസങ്ങളിലെ രക്തസ്രാവം
ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍ രക്തസ്രാവം ഉണ്ടായാല്‍ എത്രയും വേഗം വൈദ്യസഹായം നേടണം. അബോര്ഷന് മൂലമാകാം ഈ രക്തസ്രാവം. അല്ലെങ്കില്‍ അബോര്‍ഷനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നിര്‍ബന്ധമായും ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ യഥാസമയം കഴിക്കുകയും വേണം.
വിശ്രമം നിര്‍ദേശിച്ചാല്‍ അത് പാലിക്കണം. കാരണം, ആദ്യമാസങ്ങളിലെ രക്തസ്രാവം തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, മറുപിള്ള വിട്ടു പോരുക, മാസം തികയാതെ പ്രസവിക്കുക എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണ്.
ഗര്‍ഭം അലസിയെങ്കിലും ഗര്‍ഭത്തിന്റെ കുറച്ചു ഭാഗം ഗര്‍ഭപാത്രത്തില്‍ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇന്‍കംപ്ലീറ്റ് അബോര്ഷന്. സാധാരണയായി രാക്തസ്രാവവും വയറു വേദനയുമാണ് ലക്ഷണങ്ങള്‍. ഇങ്ങനെയുള്ളവര്‍ക്ക് ഡി ആന്‍ഡ് സി വഴി ശേഷിക്കുന്ന ഗര്‍ഭം നീക്കം ചെയ്യേണ്ടതായി വരും.
അമിത രക്തസ്രാവം ജീവന് അപകടത്തിലാക്കും. വയറു വേദനയും രക്തസ്രാവവും തന്നെയാണ് പൂര്‍ണ്ണമായ അബോര്‍ഷന്റെയും ലക്ഷണം. രക്തം കട്ടിയായും മാംസത്തിന്റെ അംശം പോലെയും പോകാം. ഇവിടെ ഗര്‍ഭം പൂര്‍ണമായും ഗര്‍ഭ പാത്രത്തില്‍ നിന്നു പോയിരിക്കും.
ഭ്രൂണത്തിന് ജീവനില്ലാത്ത അവസ്ഥ
ഗര്‍ഭപാത്രത്തില്‍ വച്ച് ജിവന് നഷ്ടപ്പെടുകയും പുറത്ത് പോകാതെ ഗര്‍ഭപാത്രത്തില്‍ തന്നെ അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ ഫലം നെഗറ്റീവ് ആയിരിക്കും.
അള്‍ട്രാസൗണ്ട് സ്കാനിംഗ് വഴി ഇത് കൃത്യമായി മനസിലാക്കണം. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയതുടിപ്പ് ഇല്ലെന്ന് തിരിച്ചറിയുന്നതോടെ മരുന്നുകള്‍ വഴിയോ ഡി ആന്‍ഡ് സി വഴിയോ ഇത് നീക്കം ചെയ്യേണ്ടതായി വരും.
അണുബാധയും അബോര്‍ഷനും
അമ്മയില്‍ ഉണ്ടാകുന്ന അണുബാധ അബോര്‍ഷനു കാരണമാകുന്നു. അതുപോലെ ഗര്‍ഭസ്ഥ ശിശുവിനും ഗര്‍ഭപാത്രത്തിനും ഉണ്ടാകുന്ന അണുബാധയും അബോര്‍ഷനിലേയ്ക്ക് നയിക്കുന്നു. ശക്തിയായ പനി, വയറു വേദന, ഛര്‍ദി, രക്തസ്രാവം, പഴുപ്പുപോവല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ശരിയായ ചികിത്സ നേടിയില്ലെങ്കില്‍ ഇത് ഏറെ അപകടം ആണ്.
അണുബാധ, സെപ്സിസ്, ശ്വാസതടസം, രക്തം കട്ടപിടിക്കാതിരിക്കല്‍, വൃക്കകളുടെ പ്രവര്‍ത്തന വൈകല്യം എന്നിവ ഉണ്ടാകാം. ഗര്‍ഭം അലസിപ്പിക്കാന്‍ കുറുക്കു വഴികള്‍ തേടുന്നവരിലാണ് ഇത്തരം അണുബാധ സാധാരണയായി കാണുന്നത്.
ഹോര്‍മോണ്‍ തകരാറുകള്‍ ടെസ്റ്റിലൂടെ കണ്ടുപിടിച്ച് ഹോര്‍മോണ്‍ നല്‍കുന്നതിലൂടെ ഒരു പരിധി വരെ ഇത് നിയന്ത്രണവിധേയമാക്കാം. കൂടാതെ പ്രതിരോധ പ്രശ്നങ്ങള്‍ രക്ത പരിശോധന വഴി കണ്ടെത്താനും പോസിറ്റീവ് ആണെങ്കില്‍ അടുത്ത ഗര്‍ഭം സ്ഥിരികരീച്ച ഉടനെ ഫലപ്രദമായ മരുന്നു നല്കി ഗര്‍ഭം മുന്നോട്ടു കൊണ്ടു പോകാനും പ്രസവിക്കാനും സാധിക്കും.
അണുബാധ ഗര്ഭപാത്രത്തിന് പുറത്തേയ്ക്ക് ബാധിച്ചാല്‍ ശസ്ത്രക്രിയ ആവശ്യമായി വരാം. ഗര്‍ഭപാത്ര ഘടനയിലുള്ള പ്രശ്നങ്ങള്‍ വഴിയോ ഹിസ്റ്ററോസ്കോപ്പി വഴിയോ നേരത്തെ ഈ പ്രശ്നം കണ്ടെത്താം. ഗര്ഭപാത്രത്തിന് രണ്ട് അറകള്‍ ഉണ്ടാവുക, മുഴകള്‍ ണ്ടാവുക, ഗര്‍ഭപാത്രത്തിന്റെ ഭിത്തികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുകയെല്ലാം ഒരു പരിധിവരെ ഫലപ്രദമായ ചികിത്സ വഴി തടയാനാകും.
തുടര്‍ച്ചയായ അബോര്ഷന്
ചില സ്ത്രീകളില്‍ മൂന്നോ നാലോ അതില്‍ കൂടുതല്‍ തവണയോ അബോര്ഷന് സംഭവിക്കാറുണ്ട്. ആര്.പി.എല്‍ എന്നാണ് ഇതിന് പറയുക. ഇതില്‍ അന്‍പത് ശതമാനം സ്ത്രീകളില്‍ മാത്രമേ വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ആര്.പി.എല്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ക്രോമസോം പ്രശ്നങ്ങളും ഹോര്‍മോണ്‍ പ്രശ്നങ്ങളും സാധാരണയായി ആദ്യത്തെ മൂന്ന് മാസത്തെ അബോര്‍ഷനു കാരണമാകുന്നു.
മൂന്ന് മാസത്തിന് ശേഷമുള്ള അബോര്‍ഷനു കാരണം ഗര്‍ഭപാത്ര ഘടനയ്ക്കുള്ള പ്രശ്നമാകാം. അതുപോലെ തന്നെ പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട കാരണങ്ങളും അബോര്‍ഷനു കാരണമാകുന്നു. അമിതമായി രക്തം കട്ടപിടിക്കുന്ന രോഗമുള്ളവരിലും ദീര്‍ഘകാലമായി നീണ്ടു നില്ക്കുന്ന അസുഖങ്ങള്‍ ഉള്ളവരിലും തുടരെ തുടരെ അബോര്ഷന് സംഭവിക്കാം.
ഗര്‍ഭം താങ്ങിനിര്‍ത്താനുള്ള കഴിവ് ഗര്ഭപാത്രത്തിന് ഇല്ലാതെ വരുന്നു. ഈ അവസ്ഥയില്‍ ജീവനുള്ള ഗര്‍ഭസ്ഥശിശുവിനെ വേദനയില്ലാതെ പുറംതള്ളുന്നു. നാലോ ആറോ മാസത്തിന് ഇടയിലാണ് ഇത് സാധാരണയായി കണ്ടുവരന്നത്. ഇത് നേരത്തെ കണ്ടുപിടിക്കമെങ്കിലും ഇങ്ങനെ സംഭവിച്ചു പോയാല്‍ അടുത്ത ഗര്‍ഭധാരണ സമയത്ത് മൂന്ന് മാസം കഴിഞ്ഞ ഉടന്‍ ഗര്‍ഭപാത്ര മുഖത്ത് തുന്നല്‍ ഇടേണ്ടതായി വരുന്നു.
റിസര്‍ച്ച് ഡെസ്ക്
ആരോഗ്യമംഗളം