
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ട്രെയിന്‍ ഗതാഗതം വീണ്ടും സ്തംഭിച്ചു.അഞ്ച് ട്രെയിനുകള്‍ റദ്ദാക്കുകയും, ആറെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ട്രെയിന്‍ ഗതാഗതം വീണ്ടും സ്തംഭിച്ചതെന്ന് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി.
മുംബൈയില്‍ മഴ ഇനിയും ശക്തി പ്രാപിക്കുമെന്നും,ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിക്തമായ മഴ പെയ്യുമെന്നുമാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ ശനിയാഴ്ച മുംബൈ-കോലപൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനായ മഹാലക്ഷ്മി എക്സ്പ്രസ് ട്രാക്കുകളില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ താനെയില്‍ കുടുങ്ങിയിരുന്നു.കനത്ത മഴയില്‍ ഉല്ലാസ് നദി കരകവിഞ്ഞതോടെയാണ് താനെയ്ക്കു സമീപം പാസഞ്ചര്‍ ട്രെയിന്‍ പാളത്തില്‍ കുടുങ്ങിപ്പോയത്. തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി, ആര്‍മി, നേവി സേനകളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ ഉടനീളം കനത്ത മഴ പെയ്യുമെന്നാണ് കാലാവസഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്രയില്‍ അടുത്ത രണ്ടു ദിവസം കൂടി മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ അധികൃതര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയില്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങുകയായിരുന്നു
കഴിഞ്ഞ24 മണിക്കൂറിനുള്ളില്‍ കനത്ത മഴയാണ് മുംബൈയില്‍ പെയ്തത്. താനെയില്‍ 160 മില്ലിലിറ്റര്‍, കല്യാണ്‍ 231 മില്ലിലിറ്റര്‍, മുര്‍ബാദ് 332, കര്‍ജാത് 300 മില്ലി ലിറ്റര്‍ എന്നീ നിരക്കിലാണ് മഴ ലഭിച്ചിരിക്കുന്നത്. ഉള്ഹാസ്നഗര് (296), അബേര്നാഥ് (280), ഭിവണ്ഡി (185), ഷാപുര്‍ (195)എന്നിങ്ങനെ മഴ ലഭിച്ചിട്ടുണ്ട്.






