
തൃശ്ശൂര്‍ : എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആളുകളെ ഊര്‍ജസ്വലമാക്കി ആളൂര്‍ പോലീസ്. നാടന്‍ പാട്ട് പാടിയാണ് ക്യാമ്പിലെ ആളുകള്‍ക്ക് പോലീസ് ആശ്വസമായി എത്തിയത്്. തൃശ്ശൂര്‍ വെള്ളാഞ്ചിറ ഫാത്തിമ മാതാ എല്‍ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ആളൂര്‍ പോലീസ് ഊര്‍ജ്ജസ്വലമാക്കിയത്.
നാന്നൂറിലേറെ അന്തേവാസികളുള്ള ക്യാമ്പിലായിരുന്നു പൊലീസിന്റെ നാടന്‍ പാട്ട്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്തിനാടീ പൂങ്കൊടിയേ എന്ന ഗാനം യൂണിഫോമില്‍ തന്നെ പാടിയപ്പോള്‍ കേട്ടിരുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവേശമായി. ശ്രീജിത്തിന്റെ നാടന്‍ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ക്യാമ്പിലുള്ളവര്‍ കയ്യടിച്ചും ചുവടുവെച്ചും ശ്രീജിത്തിന് പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാം.
സര്‍വ്വതും നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആസ്വാസമേകാന് കസേരകളി ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ ക്യാമ്പില്‍ സംഘടിപ്പിച്ചിരുന്നു. അത്താഴത്തിന് ശേഷം അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.






