തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സും ഗതാഗത വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേയ്ക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. തുടര്‍ച്ചയായ നിയമലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കാരണം കാണിക്കല്‍ നോട്ടീസിന് വഫ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ആര്.ടി.ഒ പറഞ്ഞു. നേരത്തെ അമിത വേഗതയ്ക്കും സണ്‍ ഫിലിം ഒട്ടിച്ചതിനും വഫ പിഴയടച്ചിരുന്നു. ഇത് നിയമലംഘനം അംഗീകരിച്ചതിന്റെ തെളിവാണെന്നും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ ഇരുവരുടേയും ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്.ടി.ഒ പ്രഖ്യാപിച്ചതാണ്. എന്നാല്‍ അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കിയത്. നടപടി വൈകിപ്പക്കാന് ഒത്തുകളി നടക്കുന്നതെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ഗതാഗത സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കുകയും ചെയ്തു.






