തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന് ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയച്ചു. വഫയുടെ സ്വദേശമായ നാവായിക്കുളത്തെ മഹല്ല് കമ്മറ്റിയായ വെള്ളൂര്‍കോണം മുസ്ലീം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. മഹല്ല് കമ്മറ്റി ഭാരവാഹികള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി സിറാജ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ബഷീറിനെ കാറിടിച്ച് കൊന്ന കേസുമായി ബന്ധപ്പെട്ട് വഫ നടത്തിയ പ്രസ്താവനകളെല്ലാം അടിസ്ഥാനരഹതമാണെന്ന് വ്യക്തമാവുകയാണ്. ശ്രീറാം തന്റെ സുഹൃത്താണെന്നും അതില്‍ ഭര്‍ത്താവിന് വിരോധമില്ലെന്നുമായിരുന്നു വഫ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരാണ് തന്നെ പുറത്തിറക്കിയതെന്നും ഭര്‍ത്താവും കുടുംബവും തനിക്കൊപ്പമുണ്ടെന്നും വഫ പറഞ്ഞിരുന്നു.
വഫയുടെ വാദങ്ങള്ക്കെല്ലാം കടകവിരുദ്ധമായ കാര്യങ്ങളാണ് വക്കീല്‍ നോട്ടീസിലുള്ളത്. ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം. തന്റെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബ കാര്യങ്ങളില്‍ തീരുമാനം എടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ പണം കൊണ്ട് വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസൃതം രഹസ്യയാത്രകള്ക്ക് ഉപയോഗിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് വക്കീല്‍ നോട്ടീസില്‍ ഉള്ളത്.






