
നടി ജിയാ ഖാന്റെ മരണം വളരെ വിവാദമായിരുന്നു. 2013 ജൂണ്‍ മൂന്നാം തീയതിയാണ് മുംബൈയിലെ വസതിയില്‍ ജിയ ഖാന് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച ജിയയെ മാതാവും സഹോദരിയുമാണ് കണ്ടത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് റാബിയ ഖാന് ഇപ്പോഴും നിയമപോരാട്ടത്തിലാണ്. ഇപ്പോള്‍ ജിയ ഖാന്റെ മരണത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി ഒരുങ്ങുകയാണ്.
മാതാവ് റാബിയ ഖാന്റെ സമ്മതത്തോടെയാണ് ബ്രിട്ടീഷ് സംവിധായകന് ഡോക്യുമെന്ററി ഒരുക്കുന്നത്. ജിയ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ 2015ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നത്. നടി സെറീസ വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുടെയും മകന് സൂരജുമായി ജിയ പ്രണയത്തിലായിരുന്നു. സൂരജില്‍ നിന്ന് ജിയ ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് നാല് മാസം വളര്‍ച്ചയെത്തിയപ്പോള്‍ സൂരജിനോട് ഇതേ കുറിച്ച് പറയുകയും ചെയ്തു.
എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച് കളയാനായിരുന്നു സൂരജിന്റെ നിര്‍ദ്ദേശം. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ജിയ ശാരീരികമായും മാനസികമായും വളരെ തളര്‍ന്നു. ഈ അവസ്ഥയില്‍ സൂരജും ജിയയെ അവഗണിച്ചു. തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തിലാണ് ജിയ ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. പ്രേരണാകുറ്റത്തിന് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.






