
മലയാളത്തിലെ ഒരു കാലത്തെ പ്രിയപ്പെട്ട നടിയായിരുന്നു വിജയശ്രീ. അന്നുണ്ടായിരുന്ന ചിത്രങ്ങളിലെ വിജയതാരവുമായിരുന്നു വിജയശ്രീ. ഇരുപത്തിയൊന്നാമത്തെ വയസിലാണ് വിജയശ്രീ മരണപ്പെട്ടത്. വിജയശ്രീയുടെ മരണത്തെ പറ്റി പല ദുരൂഹതകളും ഉണ്ടായിരുന്നു. നടി ആത്മഹത്യ ചെയ്തതാണെന്നും അല്ലെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
എന്നാല്‍ വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലത നമ്പൂതിരി ഇക്കാര്യം തുറന്നു പറഞ്ഞത്. '' വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
അവള്‍ക്കൊരു ലവര് ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്കെ മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ബാംഗ്ലൂരില്‍ ഒരു ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തുവെന്ന് അറിയുന്നത്. അന്ന് കേട്ടിരുന്നത് എന്താന്ന് വച്ചാല്‍ വിജയശ്രീ ഒരു ചായ കുടിച്ചു. അതു കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ്. ഇരുപത്തിനാല് വയസോ മറ്റോ ഉണ്ടായിരുന്നുള്ളൂ വിജയശ്രീയ്ക്ക് അന്ന് '' -ശ്രീലത പറയുന്നു.






