
ഡെന്‍വര്‍: ആള്‍മാറാട്ടത്തിന് ജയിലിലിട്ട നിറഗര്‍ഭിണി ജയിലിലെ സെല്ലിനുള്ളില്‍ പ്രസവിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഡെന്‍വറില്‍ ഉണ്ടായ സംഭവത്തില്‍ പല തവണ വിവരം അറിയിച്ചിട്ടും ഒരു തരത്തിലുമുള്ള വൈദ്യസഹായം നല്‍കാത്തതിന്റെ പേരില്‍ നീതി തേടി യുവതി ജയില്‍ അധികൃതര്‍ക്കെതിരേ കോടതിയിലെത്തി.
ഡയാനാ സാഞ്ചസ് എന്ന യുവതിയാണ് ഡെന്‍വര്‍ കൗണ്ടി ജയിലിലെ സെല്ലിനുള്ളിലെ ചെറിയ ബെഡ്ഡില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2018 ജൂലൈ 31 ന് പകല്‍ 10.44 ന് ഏറെ വേദനാജനകമായ രംഗങ്ങള്‍ സെല്ലിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സാഞ്ചസ് വേദന കൊണ്ടു പുളയുന്നതും ഇടതു കാല് സ്വതന്ത്രമാക്കാന്‍ ഒരു കൈ കിടക്കയില്‍ കുത്തി ഉയര്‍ന്ന് മറ്റേ കൈ കൊണ്ടു തന്റെ വെള്ള പാന്റ്സ് ഊരിമാറ്റുന്നതും മണിക്കൂറുകള്‍ നീണ്ട വേദനയ്ക്കൊടുവില്‍ ബെഡ്ഡില്‍ പ്രസവിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
പ്രസവദിവസം രാവിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നഴ്സിനെ വിടുകയോ സാഞ്ചസിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയോ ഉണ്ടായില്ലെന്ന് കോളറാഡോയിലെ കോടതിയില്‍ ബുധനാഴ്ച സമര്‍പ്പിച്ച അന്യായത്തില്‍ പറയുന്നു. നഴ്സ്മാര് ഉള്‍പ്പെടെയുള്ളവരെ എത്തിച്ച് മതിയായ വൈദ്യസഹായത്തിന്റെ അകമ്പടിയില്‍ സുരക്ഷിതമായ പ്രസവം ഉറപ്പാക്കേണ്ട സ്ഥാനത്ത് അനേകം തവണ ഉന്നയിച്ചിട്ടും ആവശ്യം ജയില്‍ അധികൃതര്‍ നിരാകരിച്ചു.
ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട കേസില്‍ പെട്ട് 2018 ജൂലൈ 14 ന് ഡെന്‍വര്‍ കൗണ്ടി ജയിലിലേയ്ക്ക് അയയ്ക്കുമ്പോള്‍ തന്നെ സാഞ്ചസിന് എട്ടു മാസം കഴിഞ്ഞിരുന്നു. പരിശോധന നടത്തിയ മെഡിക്കല്‍ സംഘം മൂന്നാഴ്ചയാണ് സമയം പറഞ്ഞിരുന്നത്.
ജൂലൈ 31 ന് പുലര്‍ച്ചെ തന്നെ പ്രഭാത ഭക്ഷണം കഴിച്ച സാഞ്ചസ് വിവരം നഴ്സിനോട് പറയാന്‍ ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഴ്സിനോട് ഇക്കാര്യം പറയാന്‍ ഉദ്യോഗസ്ഥന് മറന്നു. മറ്റൊരു കുറ്റവാളി വന്നതിനാല്‍ മണിക്കൂറുകളോളം പോകുകയും ചെയ്തു. ഇതിനിടയില്‍ രാവിലെ വിവരം പറഞ്ഞ് അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാഞ്ചസ് പ്രസവിച്ചു.
രാവിലെ പത്തു മണിയോടെയാണ് പ്രസവവേദന ആരംഭിച്ചത്. അപ്പോള്‍ തന്നെ അടിവയറ്റില്‍ ശക്തമായ വേദനയുണ്ടെന്നും പ്രസവിക്കാന്‍ പോകുകയാണെന്നും ഇവര്‍ ജയില്‍ ഡെപ്യൂട്ടിയെ അറിയിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഡെപ്യൂട്ടിയോട് വിവരം പറഞ്ഞ് ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴാണ് സഹായത്തിന് ആളെത്തിയത്. സാഞ്ചസിന്റെ വിളി കേട്ട് സെല്ലില്‍ നോക്കാനെത്തിയ ഉദ്യോഗസ്ഥന് കിടക്ക നനഞ്ഞിരിക്കുന്നത് കണ്ട് നഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് ഡെന്‍വര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സെല്ലില്‍ എത്തിയപ്പോള്‍ 15 മിനിറ്റ് കൂടി കഴിഞ്ഞു. പ്രസവം നടന്ന് 30 മിനിറ്റിന് ശേഷമാണ് സാഞ്ചസിനെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. മതിയായ ചികിത്സയും വൈദ്യസഹായവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതിന് പകരം മണികൂറുകളോളം നീണ്ട ഭയാകനമായ അനുഭവത്തിലേക്ക് അധികൃതര്‍ തന്നെ തനിയെ വിട്ടെന്നാണ് യുവതിയുടെ ആരോപണം. എന്നാല്‍ പ്രസവം അടുത്തു വരുന്നതായി അറിയാമായിരുന്ന സാഞ്ചസിന് നേരത്തേ തന്നെ ആശുപത്രിയില്‍ പോകാമായിരുന്നു എന്നാണ് ജയില്‍ അധികൃതരുടെ വാദം എന്നാല്‍ വൈദ്യസഹായം അവര്‍ തന്നെ നിഷേധിക്കുകയായിരുന്നെന്നും പറയുന്നു.





