
തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊടികുത്തി വാഴുന്ന കലാലയങ്ങളില്‍ യുണിവേഴ്സിറ്റി കോളേജില്‍ മാത്രമല്ല എസ്എഫ്ഐയ്ക്ക് ഇടിമുറിയുള്ളതെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജിലും കോഴിക്കോട്ടെ മടപ്പള്ളി കോളേജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടുള്ളത് ജസ്റ്റീസ് ഷംസുദിന് കമ്മീഷനാണ്.
സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പയിന് നിയോഗിച്ച സ്വതന്ത്ര കമ്മീഷന് ഇന്ന് ഗവര്‍ണര്‍ക്ക് ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കും. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പല കോളേജുകളിലും യൂണിറ്റ് മുറികള്‍ ഇടിമുറിയായി പ്രവര്‍ത്തിക്കുന്നതായിട്ടാണ് കമ്മീഷന്റെ കണ്ടെത്തല്‍. ക്യാമ്പസുകളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ കൂടുതല്‍ കര്‍ശന നടപടികള്‍ വേണം. ആന്റി റാഗിംഗ് നിയമങ്ങള്‍ മാത്രം കൊണ്ട് കാര്യമായ ഗുണമുണ്ടാകില്ല. അദ്ധ്യാപകരുടെ പിന്തുണയും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കിട്ടുന്നുണ്ട്.
ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോളേജില്‍ വിവിധ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച തെളിവെടുപ്പിനായി സ്വതന്ത്ര കമ്മീഷനെ വെച്ചത്. ഇവര്‍ സംസ്ഥാനത്തുടനീളം തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പിന്നീട് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറും.






