
മിസൗറി: കഴിഞ്ഞദിവസം ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അമേരിക്കയില്‍ പൈലറ്റ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജീവന് നഷ്ടമായി. മിസൗറിയിലെ ഏറ്റവും വലിയ നഗരമായ കന്‍സാസ് സിറ്റിക്ക് തെക്കുമാറി, ബേറ്റ്സ് കൗണ്ടിയിലെ ബട്ലര് മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം സംഭവിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉണ്ടായ ദുരന്തത്തില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ചെറുവിമാനമാണ് തകര്‍ന്നത്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് വിമാനം തകര്‍ന്നുവീണത്. ഉടന്‍ തന്നെ തീപിടിച്ചതായി എമര്‍ജന്‍സി റെസ്പോണ്ടേഴ്സിന് സന്ദേശം ലഭിക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 11 പേരും സ്കൈ ഡൈവിങ് കായികതാരങ്ങളായിരുന്നു എന്നാണ് വിവരം. തൊട്ടടുത്തുള്ള ഒരു കൃഷിയിടത്തിലേക്കാണ് വിമാനം തകര്‍ന്നടിഞ്ഞത്. സ്കൈ ഡൈവിങ്ങിനായി അത്ലറ്റുകളുമായി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്ന് മിസൗറി ഹൈവേ പട്രോള്‍ സെര്‍ജന്റ് ജസ്റ്റിന് ഇവിങ് സ്ഥിരീകരിച്ചു.
ബട്ലര് പോലീസ് ഡിപ്പാര്‍ട്ട്മെന്റും ബേറ്റ്സ് കൗണ്ടി ഷെരീഫ് ഓഫീസും സ്റ്റേറ്റ് പോലീസും സംയുക്തമായി സ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നും മുഴുവന്‍ യാത്രക്കാരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായും മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ ഔദ്യോഗിക 'എക്സ്' (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ അറിയിച്ചു.
അപകടത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം തകരാന്‍ ഇടയാക്കിയ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, പ്രാഥമിക നിഗമനമനുസരിച്ച് ഗുരുതരമായ എന്തെങ്കിലും സാങ്കേതിക തകരാറാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.






