
ഇസ്ലാമാബാദ്: ഇന്ത്യയെ തകര്‍ക്കാന്‍ കഴിവുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് പാക്കിസ്ഥാന് റയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ്. ഇന്ത്യയില്‍ ഉന്നം വെയ്ക്കുന്ന പ്രദേശങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള 125-250 ഗ്രാം ആറ്റംബോംബുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ പ്രതികരണം പാക്കിസ്ഥാന് പത്രമായി ദി ന്യൂസ് ആണ് പുറത്ത് വിട്ടത്.
ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വന്നേയ്ക്കാമെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റാഷിദ് അഹമ്മദ്. നന്‍കന സാഹിബിലെ ഒരു റയില്‍വെ സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. റയില്‍വേ സ്റ്റേഷനു ഗുരുനാനാക്കിന്റെ പേര് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയെ വിമര്‍ശിച്ച് സംസാരിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച റാഷിദിന് മൈക്കില്‍ നിന്ന് ഷോക്കേറ്റിരുന്നു. ഇത് ഇന്ത്യയില്‍ വലിയ പരിഹാസത്തിന് വഴിയൊരുക്കിയിരുന്നു. കശ്മീരിലെ മോഡി സര്‍ക്കാരിന്റെ ഇടപെടലിനെ വിമര്‍ശിച്ച് സംസാരിക്കവെയായിരുന്നു ഷോക്കേറ്റകത്. ഇതിന് പിന്നാലെ തന്റെ മരണം ഇന്ത്യന്‍ നേതാക്കള്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് റാഷിദ് രംഗത്ത് വന്നിരുന്നു.






