
ശ്രീനഗര്‍: കശ്മീരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ തടവുകേന്ദ്രങ്ങളില്‍ നിന്നും വീടുകളിലേക്ക് മാറ്റി തുടങ്ങി. എന്നാല്‍ അവര്‍ വീട്ടു തടങ്കലില്‍ തുടരും. സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ളവരെയാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്.
തരിഗാമിയ്ക്കു പുറമെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് ഗുലാം അഹമ്മദ് സോഫി, പി.ഡി.പി നേതാവ് മുസാഫര്‍ ബെയ്ഗ് എ്ന്നിവരെയാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. രണ്ടു നേതാക്കളെ കൂടി ഇത്തരത്തില്‍ മാറ്റും.
10 ദിവസം മുന്‍പാണ് ഗുലാം അഹമ്മദ് സോഫിയെ തടവുകേന്ദ്രത്തില്‍ നിന്നു മാറ്റിയത്. നാലു നേതാക്കളെ മാറ്റിയതിന് പിന്നിലും അവരുടെ ആരോഗ്യ പ്രശ്നങ്ങളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ അജ്ഞാത തടവു കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.
അതേസമയം എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി സന്ദര്‍ശിച്ചിരുന്നു. ഇദ്ദേഹത്തെ കാണാന്‍ സീതാറാം യെചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്.






