
ഈ ജാതിക്കാത്തോട്ടം... ഇജ്ജാതി നിന്റെ നോട്ടം...തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ഈ ഗാനത്തിലൂടെ മലയാളികളുടെ മനസിലേക്കാണ് അനശ്വര രാജന്റെ നോട്ടമെത്തിയത്.
ഉദാഹരണം സുജാതയില്‍ അമ്മയ്ക്ക് തലവേദനയാകുന്ന ആതിര കൃഷ്ണന് എന്ന പെണ്‍കുട്ടിയായാണ് അനശ്വര സിനിമയില്‍ ചുവടുറപ്പിക്കുന്നത്. മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം തമിഴിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് അനശ്വര.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
ഉദാഹരണം സുജാത കണ്ടാണ് എന്നെ തണ്ണീര്‍മത്തന്‍ ദിനങ്ങളിലേക്ക് വിളിക്കുന്നത്. വളരെ ജോളിയായൊരു ലൊക്കേഷനായിരുന്നു അത്. വെക്കേഷന് സമയത്തായിരുന്നു ഷൂട്ട്. ഒരു ടൂര്‍ പോകുന്ന ഫീലായിരുന്നു.
സിനിമ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പലരും വിളിച്ചും മെസേജയച്ചും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. സിനിമ കണ്ട പലര്‍ക്കും അവരുടെ സ്കൂള്‍ സമയത്തേക്ക് തിരികെ പോയ ഫീലായിരുന്നു എന്നാണ് പറഞ്ഞത്.
ആതിരയിലെത്തിച്ച ഓഡീഷന്
സിനിമയില്‍ അഭിനയിക്കണമെന്ന സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. ഓഡിഷന് വഴിയാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന്റെ സംവിധായകന് ലിജു തോമസ് എന്റെ ഫാമിലി ഫ്രണ്ടാണ്.
ലിജുച്ചേട്ടനാണ് ഓഡിഷന് ക്ഷണിച്ച് കൊണ്ടുള്ള പരസ്യം കാണിച്ചത്. അതിലേക്ക് ഫോട്ടോ അയച്ചു കൊടുത്തു. 6000 പേരില്‍ നിന്നാണ് സെലക്ടായത്.
തമിഴിലെ അരങ്ങേറ്റം
എന്റെ ആദ്യ തമിഴ് ചിത്രമാണ് റാങ്കി. തൃഷമാമിന്റെ കൂടെയാണ്. ഒരുപാട് കോമ്പിനേഷന്‍ സീനുകളുണ്ട്. വളരെ കൂളായ ഒരു വ്യക്തിയാണ് അവര്‍. എല്ലാവരോടും ഒരുപാട് സംസാരിക്കും.
ഫ്രീടൈമില്‍ ഞങ്ങളൊക്കെ ഒരുമിച്ച് ഇരുന്ന് സംസാരിക്കാറുണ്ട്..തൃഷമാംംഎന്ന് വിളിക്കുമ്പോള്‍ മാം എന്ന് വിളിക്കേണ്ട തൃഷ് എന്ന് വിളിച്ചാല്‍ മതി അങ്ങനെയാണ് തന്നെ സുഹൃത്തുക്കളൊക്കെ വിളിക്കാറുള്ളത്് എന്നും പറഞ്ഞിരുന്നു.
കണ്ണൂര്‍ ടു ട്രിവാന്‍ഡ്രം
കണ്ണൂരുകാരിയാണ് ഞാന്‍. സംസാരിക്കുന്നത് കണ്ണൂര്‍ സ്ലാങ്ങിലല്ലെന്ന് പലരും പറയാറുണ്ട്. ലൊക്കേഷനില്‍ അങ്ങനെയാണ്. പക്ഷേ നാട്ടിലെത്തുമ്പോളത് മാറി കണ്ണൂര്‍ ശൈലിയാവും. ഉദാഹരണം സുജാതയില്‍ എന്റെ കഥാപാത്രത്തിന്റേത് തിരുവനന്തപുരം സ്ലാങ്ങാണ്.
തിരുവനന്തപുരം സ്ലാങ് കുറച്ച് കഷ്ടപ്പാടായിരുന്നു. അത് ശരിക്കും ക്യാച്ച് ചെയ്യാന്‍ പറ്റിയിട്ടുണ്ടോ എന്ന് എനിക്കിപ്പോഴും സംശയമാണ്. സുജാതയില്‍ വരുമ്പോള്‍ ഞാന്‍ പക്കാ കണ്ണൂര്‍ സ്ലാങ്ങായിരുന്നു സംസാരിച്ചിരുന്നത്. ഷൂട്ടിംഗ് പകുതിയൊക്കെ ആയപ്പോഴാണ് ഏകദേശമൊക്കെ പഠിച്ചു വന്നത്. പിന്നെ ഡബ്ബിംഗിലാണ് കുറേക്കൂടി ശരിയാക്കിയത്.
എവിടെ എന്ന രണ്ടാമത്തെ സിനിമയില്‍ അത്തരം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ തൃശൂര്‍ സ്ലാങ്ങാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം തൃശൂരുകാരായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നമൊന്നുമുണ്ടായില്ല.
ആഗ്രഹിച്ച സിനിമ
പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്തായിരുന്നു എവിടെ യുടെ കഥ കേള്‍ക്കുന്നത്. കഥ കേട്ടപ്പോള്‍ തന്നെ ഒരുപാടിഷ്ടമായി. ബോബിസഞ്ജയ് ടീമിന്റെ കഥ എന്ന ഫാക്ടറുണ്ടായിരുന്നതിനാല് അധികം ആലോചിക്കേണ്ടിയും വന്നില്ല. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഷെബിന്‍ ചേട്ടന്റെ പെയറായിട്ടാണ് അഭിനയിച്ചത്.
ഉദാഹരണം മഞ്ജു ചേച്ചി
മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞത് തന്നെ എന്റ വലിയ ഭാഗ്യമാണ്. ഒരുപാഠശാല തന്നെയാണ് ചേച്ചി. ഒരുപാട് കാര്യങ്ങള്‍ ചേച്ചിയില്‍ നിന്ന് പഠിക്കാനുണ്ട്. അമ്മയെപ്പോലെ തന്നെയായിരുന്നു ചേച്ചി എന്നെ കെയര്‍ ചെയ്തിരുന്നത്.
കൊച്ചു കാന്താരി
സ്കൂളില്‍ പഠിക്കുന്ന സമയത്ത് മോണോആക്ടും നാടകവുമൊക്കെയായി പലപ്പോഴും സ്റ്റേജില്‍ നിന്നിട്ടുള്ളതുകൊണ്ട് സിനിമയിലെത്തിയപ്പോഴും ഞാന്‍ കൂളായിരുന്നു. ഞാനെപ്പോഴും ഇങ്ങനെ സാംസാരിച്ച് കൊണ്ടേയിരിക്കും.
ഇടക്കെങ്കിലും വായടച്ചു വയ്ക്കാന്‍ ഫ്രണ്ട്സൊക്കെ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഒന്ന് മിണ്ടാതിരിക്കാന്‍ അവര്‍ പറയാറുണ്ട്. പക്ഷേ കുറച്ചുനേരം പോലും മിണ്ടാതിരിക്കാന്‍ എിക്ക് കഴിയില്ല.
ഉദാഹരണം സുജാതയില്‍ ദേഷ്യപ്പെടുന്ന സീനുകള്‍ എടുക്കുന്നതിന് മുന്‍പ് ആരോടും മിണ്ടരുതെന്നും ഒറ്റയ്ക്കിരിക്കണമെന്നുമൊക്കെ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഞാനാണെങ്കില്‍ സ്കൂളിലെ പിള്ളേരൊക്കെയായി ഭയങ്കര കമ്പനി ആയിരുന്നു. മിണ്ടാതിരിക്കാനും പറ്റുന്നില്ല.
ഞാനും അവരുടെ കൂടെ ഡാന്‍സ് കളിച്ചും വര്‍ത്തമാനം പറഞ്ഞുമൊക്കെ ജോളിയായി നടന്നു. അതാണ് ഞാന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലും സമപ്രായക്കാരായ കുറേ പേര് ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് ആ ലൊക്കേഷനിലും കൂളായിരുന്നു.

മമ്മി ആന്‍ഡ് മീ
ഉദാഹരണം സുജാത കണ്ടശേഷം ആതിരയെപ്പോലെയാണോ ഞാന്‍ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഒട്ടുമിക്ക പെണ്‍കുട്ടികളും അമ്മമാരും ആതിരയെയും സുജാതയെയും പോലെയാണ്. പലരും എന്നോട് പറഞ്ഞിട്ടുണ്ട് അവര്‍ തന്നെയാണ് ആതിരയെന്ന്.
ഞാനും അമ്മയും ഓപ്പണ്‍ മൈന്ഡടാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ചില സമയത്ത് വഴക്കുകളുമുണ്ട്. കുറച്ചു സമയമേ ആ വഴക്കിന് ആയുസുണ്ടാകൂ.
പുതിയ പ്രോജക്ടുകള്‍
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രി എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. റാങ്കി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
പിന്തുണയോടെ കുടുംബം
അച്ഛന് രാജന്, കെഎസിബിയില് ഓഫീസറാണ്. അമ്മ ഉഷ, അങ്കണവാടി ടീച്ചര്‍. ചേച്ചി ഐശ്വര്യ ഡിഗ്രി കഴിഞ്ഞു. ഞാനിപ്പോള്‍ കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ ഗവ. സ്കൂളില്‍ പ്ലസ് വണ്ണില്‍ പഠിക്കുകയാണ്.
അശ്വതി അശോക്