വിദേശലൊക്കേഷനുകളും നിഗൂഢതകളും മോഡേണ്‍ വേഷ വിധാനങ്ങളുമൊക്കെയായിരുന്നു കുറച്ചു കാലങ്ങളായി പൃഥ്വിരാജിന്റെ സിനിമകള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പൃഥ്വിയുടേതായി പുറത്തിറങ്ങിയ ഓണചിത്രം ബ്രദേഴ്സ് ഡേ.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ചിത്രം എന്നതും ബ്രദേഴ്സ് ഡേയുടെ ഒരു പ്രത്യേകതയാണ്. ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങളില്‍ നിന്നും പുറത്തെത്തിയിരിക്കുകയാണ് പൃഥ്വി. അമര്‍ അക്ബര്‍ അന്തോണിയിലെയും പാവാടയിലെയുമൊക്കെ നിഷ്കളങ്കനായ നായകനായാണ് ബ്രദേഴ്സ് ഡേയില്‍ പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫണ്‍ എന്റര്ടൈനറുകളിലേക്ക് മലയാളികളുടെ പ്രിയ നായകന് തിരികെ എത്തിയിരിക്കുകയാണെന്ന് തന്നെ പറയാം. നിനക്ക് ഈ ഇരുട്ടത്ത് നിന്ന് മതിയായില്ലേ എന്ന ചോദ്യത്തോടെയാണ് പൃഥ്വിരാജിന്റെ ഇന്‍ട്രൊഡക്ഷന്‍ തന്നെ.
നാളുകള്‍ക്ക് ശേഷമുള്ള ഫണ്എന്റര്ടൈനറില് തകര്‍ത്തഭിനയിച്ചിരിക്കുകയാണ് പൃഥ്വി. ആദ്യ പകുതിയില്‍ പൃഥ്വിയുടെ കഥാപാത്രം ഏറെ ചിരിപ്പിക്കുന്നതാണ്. നാളുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് എന്ന നടന് ഇത്രയധികം പ്രേക്ഷകരെ ചിരിപ്പിക്കുന്നതും സ്വയം ചിരിക്കുന്നതും എന്ന് ഉറപ്പിച്ച് പറയാനാകും. ഹാസ്യ രംഗങ്ങള്‍ തനിക്ക് നന്നായി വഴങ്ങുമെന്ന് പൃഥ്വി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
റോണി എന്ന കാറ്ററിംഗ് തൊഴിലാളിയുടെ വേഷമാണ് പൃഥ്വിക്ക്. ഹോം സ്റ്റേ, കാറ്ററിംഗ് ബിസിനസുകളൊക്കെയുള്ള ജോയിയുടെ (കോട്ടയം നസീര്‍) ജോലിക്കാരനാണ് റോണി. വളരെ ലളിതമായി ജീവിക്കുന്ന റോണിക്ക് അനുജത്തി റൂബിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം മാത്രമാണ് സ്വകാര്യ ദുഖമായുള്ളത്. എന്നാലും ചിരിച്ചുകൊണ്ടാണ് റോയ് ജീവിതത്തിലെ ഓരോ നിമിഷവും നേരിടുന്നത്. റൂബി എന്ന കഥാപാത്രത്തെ പ്രയാഗ മാര്‍ട്ടിനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസുകാരന് ചാണ്ടിയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിനായകനും റോണിയുടെ ജീവിതം മാറ്റി മറിക്കുന്നു. നിഗൂഢതകള്‍ നിറഞ്ഞ പ്രതി നായകനായി എത്തിയിരിക്കുന്നത് പ്രസന്നയാണ്. ബിസിനസുകാരന് ചാണ്ടിയായി വിജയരാഘവനും എത്തുന്നു.
തമാശകള്‍ നിറഞ്ഞ ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ ഒരു ഫാമിലി ഡ്രാമ ശ്രേണിയിലേക്ക് ചിത്രം എത്തുന്നു. റോണി എന്ന നായക കഥാപാത്രത്തിന്റെ സന്തതസഹചാരിയായ മുന്ന എന്ന കഥാപാത്രമായി ധര്മ്മജന് ഉണ്ടെങ്കിലും ചിരിക്ക് ആക്കം കൂട്ടുന്നത് വിജയരാഘവന്റെ ചാണ്ടി എന്ന കഥാപാത്രമാണ്. ചാണ്ടിയുടെ എന്‍ട്രി മുതല്‍ ആ കഥാപാത്രമാണ് ആദ്യ പകുതിയില്‍ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചാണ്ടി വായ തുറക്കുമ്പോഴും ഓരോ മൂവ്മെന്റ് പോലും ചിരിയുടെ വെടിക്കെട്ടാണ് തീര്‍ക്കുന്നത്. ധര്‍മ്മജന്റെ മുന്നയും ഒട്ടും കുറയ്ക്കുന്നില്ല. പ്രതിനായകനായ പ്രസന്ന എത്തുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു.
പൃഥ്വിരാജിനൊപ്പം മഡോണ സെബാസ്റ്റിയന്, ഐശ്വര്യ ലക്ഷ്മി, മാലാ പാര്‍വതി, മിയ, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, അനില്‍ മുരളി, കൊച്ചുപ്രേമന്, പൊന്നമ്മ ബാബു തുടങ്ങിയവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രിന് സംവിധായകനായ കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഫോര്‍ മ്യൂസിക്കാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ധനുഷ് ആണ്. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. അഖിലേഷ് മോഹന്റെ ചിത്ര സംയോജനവും മികച്ച് നില്‍ക്കുന്നുണ്ട്. സുപ്രീം സുന്ദറും രാജശേഖറും ഒരുക്കിയ സംഘട്ടന രംഗങ്ങളും മികവ് പുലര്‍ത്തുന്നുണ്ട്. ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മ്മാണം.
തന്റെ ആദ്യ സംവിധാന സംരംഭം ഒരു പരിധിവരെ വിജയിപ്പിക്കാന്‍ കലാഭവന്‍ ഷാജോണിനായിട്ടുണ്ട്. പൂര്‍ണ വിജയം എന്ന് പറയാനുമാവില്ല. പലയിടത്തും ചിത്രത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നുണ്ട്. എങ്കിലും ക്ലൈമാക്സ് രംഗങ്ങളൊക്കെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
ഓണം ആഘോഷമാക്കാനുള്ള ഒരു ഫണ്‍ എന്റര്‍ടൈനര്‍ എന്നതിനപ്പുറം മറ്റ് യാതൊരു അവകാശവാദങ്ങളുമില്ലാതെയാണ് ബ്രദേഴ്സ് ഡേ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മലയാളികളുടെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണില്‍ അല്ലാതെ ഈ തട്ട് പൊളിപ്പന്‍ ചിത്രം ഇറക്കാന്‍ പറ്റുന്ന മറ്റൊരു സമയമില്ലെന്ന് തന്നെ പറയാം. ടിക്കറ്റ് എടുത്ത് ചിരിക്കാനായി തിയേറ്ററില്‍ കയറുന്നവരെ യാതൊരു വിധത്തിലും നിരാശരാക്കില്ല ചിത്രം എന്നത് ഉറപ്പ്.