
ആലപ്പുഴ: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് സമവായ ചര്‍ച്ച. തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ വൈകിട്ട് 3 മണിക്ക് കൊച്ചിയിലാണ് യോഗം. തര്‍ക്കത്തെ തുടര്‍ന്ന് ഏതാനും നാളായി മുത്തൂറ്റിന്റെ ശാഖകള്‍ അടഞ്ഞു കിടക്കുകയാണ്. പലയിടത്തും ജോലിക്കായി എത്തുന്നവരെ സിഐടിയു പ്രവര്‍ത്തകര്‍ മടക്കി വിടുകയും ഭീഷണി മുഴക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച.
സമരം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ വിളിച്ചു ചേര്‍ത്ത യോഗത്തിൽ മാനേജ്മെന്റെ പ്രതിനിധികള്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു. മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സമരം തുടരുന്ന സാഹചര്യത്തില്‍ നാടകീയ രംഗങ്ങള്‍ക്കാണ് പല ബ്രാഞ്ചിലും സാക്ഷ്യം വഹിക്കേണ്ടി വരുന്നത്.
സമരത്തെ തുടര്‍ന്ന് ബ്രാഞ്ച് തുറന്നാല്‍ മുട്ടിലിഴഞ്ഞു വീട്ടിലേക്ക് പോകേണ്ടി വരുമെന്ന് സിഐടിയു ആലപ്പുഴ പുന്നപ്ര ബ്രാഞ്ച് മാനേജരെ ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി പി പവനൻ ഫോണിലൂടെ ഭീഷണിപെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലുള്ള ഓഡിയേയും പുറത്തു വന്നു. എന്നാല്‍ ഓഡിയോ സംഭാഷണം തന്റേതല്ലെന്നാണ് പി പി പവനന്റെ വിശദീകരണം. ഓണം കാണില്ലെന്നു ഭീഷണിപ്പെടുത്തുന്നത് ഓഡിയോയില്‍ വ്യക്തമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇതേ ബ്രാഞ്ചില്‍ ഓഫീസ് തുറക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു.
ജീവനക്കാരും ഇടപാടുകാരും സിഐടിയു പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. പോലീസ് എത്തി രംഗം ശാന്തമാക്കി. അന്ന് ഇടപാടുകാരുടെ ആവശ്യപ്രകാരം ബ്രാഞ്ച് തുറന്നു പ്രവർത്തിക്കാൻ പോലീസ് അനുമതി നൽകി. ശനിയാഴ്ച മാനേജർ ബാങ്ക് തുറന്നതോടെയാണ് ഭീഷണി വന്നത്. കൈനകരി സ്വദേശിയാണെന്ന് അറിയാമെന്നും സംഘടന കൃത്യമായി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും മാനേജറോട് പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി അംഗവും മത്സ്യഫെഡ് ചെയർമാനുമായ പി പി ചിത്തരഞ്ചന്റെ സഹോദരനാണ് പവനൻ.
സമര പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലും നാടകീയരംഗം അരങ്ങേറി. ഒരു വശത്ത് സമരം ചെയ്യുന്ന ജീവനക്കാർ കുത്തിയിരുന്നപ്പോൾ, 'ജോലിയെടുക്കാൻ അവകാശ'മുണ്ടെന്ന് പറഞ്ഞ് മുത്തൂറ്റ് എംഡിയടക്കം മറുവശത്ത് കുത്തിയിരുന്നു. കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്റ് പ്രഖ്യാപിച്ചു. ഇതിനെതിരെ നൽകിയ ഹർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും മുത്തൂറ്റിൽ സമവായ ചർച്ച വിളിക്കുന്നത്.






