
കോഴിക്കോട് വയോധികനെ ആക്രമിച്ച് പണവും രേഖകളും അടങ്ങിയ പഴ്സ് കവർന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞികണ്ടി പറമ്പ് വീട്ടിൽ രതീഷ് (45) ആണ് പിടിയിലായത്.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി.സി. റോഡിലാണ് സംഭവം. കഴിഞ്ഞ മാസം 27-ന് ബേപ്പൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വാർധക്യ പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന ചക്കുംകടവ് നദീനഗർ സ്വദേശിയെയാണ് പ്രതി ലക്ഷ്യമിട്ടത്.
പെൻഷൻ വാങ്ങിയ ശേഷം ബി.സി. റോഡിലെ ആയിഷ കോട്ടേജ് ഫ്ലാറ്റിലേക്ക് പോകുന്നതിനിടെ വയോധികൻ റോഡിൽ കാൽതെറ്റി വീണു. ഇത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോഴാണ് വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞ് പ്രതി വയോധികനെ കൂടെ കൊണ്ടുപോയത്.
ഫ്ലാറ്റിലേക്കുള്ള വഴിമധ്യേ വയോധികനെ തള്ളിയിട്ട ശേഷം ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 4,000 രൂപയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പഴ്സും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.






