
ന്യുഡല്‍ഹി: ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മുന്‍പ് നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പര്‍ പദ്ധതിയാണ് നവംബര്‍ നാല് മുതല്‍ 15 വരെ നടപ്പാക്കുക.
ശൈത്യകാലത്ത് വാഹനങ്ങളില്‍ നിന്നുള്ള പുകമൂലവും അയല്‍സംസ്ഥാനങ്ങളില്‍ വിളഭൂമിയില്‍ തീയിടുന്നതുമൂലം ഡല്‍ഹിയില്‍ വലിയ അന്തരീക്ഷ മലിനീകരണം പതിവാണ്. ഇത് തടയുന്നതിന് ഇത്തവണ ഏഴിന കര്‍മ്മ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് പരീക്ഷിച്ച് വിജയിച്ച് ഒറ്റ ഇരട്ട അക്ക നമ്പര്‍ പദ്ധതി വീണ്ടും നടപ്പാക്കുമെന്ന് പറഞ്ഞ കെജ്രിവാള് പക്ഷേ മറ്റു പദ്ധതികള്‍ വ്യക്തമാക്കിയില്ല. വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒറ്റ ഇരട്ട അക്കങ്ങളില്‍ നമ്പറുകള്‍ അവസാനിക്കുന്ന വാഹനങ്ങളെ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം നിരത്തിലിറങ്ങാന്‍ അനുവദിക്കുന്ന പദ്ധതിയാണ് മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയത്.
അതേസമയം, മലിനീകരണ തോത് കുറയ്ക്കാന്‍ ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിപ്രായം. ഡല്‍ഹിയില്‍ പുതുതായി നിര്‍മ്മിച്ചിരിക്കുന്ന റിങ് റോഡിന് നഗരത്തിലെ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഗഡ്കരിയുടെ അഭിപ്രായം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.






