വര്‍ഗീസ് മാഷിന്റെ ജീവിതത്തിന് ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്, കൊച്ചുകേരളത്തിലെ കട്ടപ്പനയിലേക്ക് ഒരു ഒളിംപിക്സ് മെഡല്‍. തനിക്ക് എഴുതാന്‍ കഴിയാതെ പോയ ചരിത്രം തന്റെ മകള്‍, ആലീസിലൂടെ നേടിയെടുക്കാനാണ് വര്‍ഗീസ് മാഷിന്റെ കഠിന പരിശ്രമം. അതിനായി അവളുടെ ശ്രദ്ധ ഒരു തരിമ്പുപോലും തെറ്റാതെ ലക്ഷ്യത്തില്‍ തന്നെ ഉറച്ച് നിര്‍ത്താന്‍ കഠിനപരിശ്രമമാണ് അയാള്‍ നടത്തുന്നത്. ഒരു മൊബൈല്‍ഫോണ്‍പോലും വാങ്ങി കൊടുക്കാതെ ഒളിംപിക്സ് മെഡല്‍ മാത്രം ആലീസിനെ സ്വപ്നം കാണിക്കുന്ന അച്ഛന്. എന്നാല്‍ ഒളിംപിക്സിനായി കാത്തിരിക്കവെ ആലീസിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് സിനിമയുടെ ട്വിസ്റ്റ്. പിന്നീട് ആലീസും വര്‍ഗീസ് മാഷും നടത്തുന്ന പോരാട്ടവും അതിജീവനവുമൊക്കെയാണ് സിനിമ പറയുന്നത്.
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം, ഫൈനല്‍ കണ്ടിറങ്ങുന്നവരുടെ മനസ്സും നിറയ്ക്കും. ജൂണ്‍ എന്ന ചിത്രത്തിന് ശേഷം രജീഷ വിജയന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. രജീഷ വിജയന് സൈക്കിളിംഗ് താരം ആലീസായി വേഷമിടുന്നു. ഒളിംപിക്സില്‍ പങ്കെടുക്കാനായി കാത്തിരിക്കുകയാണ് ആലീസ്. കട്ടപ്പനയിലെ തന്റെ പരിമിതികളെയും തടസ്സങ്ങളെയും മറികടന്ന് ദേശീയ സൈക്ലിംഗ് താരത്തില്‍ എത്തി നില്ക്കുകയാണിപ്പോള് അവള്. ഇനി ഒളിംപിക്സ്, അത് മാത്രമാണ് ലക്ഷ്യം. സ്പോര്‍ട്സ് ചിത്രമാണെങ്കിലും കുടുംബ ജീവിതവും പ്രണയവും തമാശയും എല്ലാം സമാസമം ചേര്‍ന്ന മികച്ച ഒരു അനുഭവമാണ് ഫൈനല്‍സ്.
വര്‍ഗീസ് മാഷായി സുരാജ് വെഞ്ഞാറമൂട് അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് വിസ്മയിപ്പിക്കുകയാണെന്ന് തന്നെ പറയാം. വൈകാരികമായ അനുഭവങ്ങളിലൂടെയും മുഹൂര്‍ത്തങ്ങളിലൂടെയും കടന്നുപോകുന്ന സുരാജ് തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി. സുരാജിലെ അഭിനേതാവിനെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്താന്‍ സംവിധായകനു സാധിച്ചു.
ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്നത് രജീഷ കൈകാര്യം ചെയ്ത ആലീസ് എന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ രണ്ടാം പകുതിയിലേയ്ക്കെത്തുമ്പോള്‍ നിരഞ്ജ് അവതരിപ്പിക്കുന്ന മാനുവല്‍ എന്ന കഥാപാത്രം ആ റോള്‍ ഏറ്റെടുക്കുന്നു. ഇതുവരെയുള്ള വേഷങ്ങള്‍ വിലയിരുത്തിയാല്‍ നിരഞ്ജിന് ലഭിച്ച മികച്ച കഥാപാത്രം. ടിനി ടോം, സോനാ നായര്‍, മുത്തുമണി തുടങ്ങിയവരും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി.
നവാഗതനായ പി ആര് ആരുണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമ എന്ന നിലയില്‍ സംവിധായകന് പൂര്‍ണ വിജയം തന്നെയാണ്. പൊതുവെ കണ്ടു ശീലിച്ച സ്പോര്‍ട്സ് ചിത്രങ്ങളുടെ പാതകളിലൂടെയല്ല ഫൈനല്‍സ് സഞ്ചരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സുദീപാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇതുവരെ കണ്ട് ശീലിച്ച സ്പോര്‍ട്സ് ചിത്രങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുന്നതല്ല ഫൈനല്‍സ്. സ്പോര്‍ട്സിനോട് ചേര്‍ന്ന് നില്ക്കുന്ന പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രം കൂടിയാണിത്. സുരാജിന്റെയും രജീഷയുടെയും നിരഞ്ജിന്റെയും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍. സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരോ പ്രേക്ഷകന്റെയും മനസില്‍ സുഖകരമായ ഒരു വേദന അവശേഷിപ്പിക്കാന്‍ ഫൈനല്‍സിന് കഴിയുന്നു. വമ്പന്‍ ചിത്രങ്ങള്‍ക്കിടയില്‍ ഈ കൊച്ച് മനോഹര ചിത്രം നമ്മെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും.