
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ ഒരു രാഷ്ട്രം വീഴുന്നുവെന്ന ചര്‍ച്ചകളും വാദങ്ങളും തുടരവേയാണ് കഴിഞ്ഞ ദിവസം ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ യോജിപ്പിക്കാന്‍ കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
'ഒരു രാഷ്ട്രം ഒരു ഭാഷ' എന്ന ആശയം ട്വിറ്ററിലും കുറിച്ചുകൊണ്ട് ഒരു പുതിയ വിവാദത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചത്. ഹിന്ദിബല്റ്റിനു പുറത്തുളള സംസ്ഥാനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഭാഷ വിഷയത്തിലുണ്ടായിരിക്കുന്നത്. സാമ്പത്തിക അടിത്തറ തകരുന്നുവെന്ന വാര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുളള ശ്രമമാണ് ഹിന്ദി ഭാഷയുടെ പേരിലുളള പുതിയ വിവാദമെന്നും ആരോപണം ഉയരുന്നുണ്ട്.
എന്നാല്‍ വിവാദമായ രണ്ട് വിഷയങ്ങളും തമ്മില്‍ ബന്ധിപ്പിക്കുകയാണ് കോണ്‍ഗ്രസ് യുവ നേതാവായ വി.ടി.ബല്‍റാം എം.എല്‍.എ. 'ഹിന്ദി പഠിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് പറഞ്ഞുകൂടാ. ധനമന്ത്രിക്ക് ഹിന്ദിയില്‍ ''വിത്ത് മന്ത്രി ''എന്നാണ്. വിത്തെടുത്ത് കുത്തിത്തിന്നേണ്ടി വരുന്ന ഇന്നത്തെ സാമ്പത്തികസ്ഥിതിയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല വേറെ ഏത് ഭാഷയിലുണ്ട്? എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.






