
താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനത്തിലൂടെ മലയാള സിനിമ പിന്നണിഗാനരംഗത്ത് ശ്രദ്ധിക്കപ്പെട്ട ശബ്ദമായി മാറിയ സ്വര മാധുര്യം, മഞ്ജരി.
വ്യത്യസ്തമായ ആലാപന ശൈലിയാല്‍ ഗസലിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പകരം വയ്ക്കാനാവാത്ത ശബ്ദമായി മാറുകയാണ് മലയാളികളുടെ പ്രിയ ഗായിക മഞ്ജരി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഒരുപിടി നല്ല ഗാനങ്ങളുമായി മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മഞ്ജരി.
Music is my life
സംഗീതമാണെന്റെ ജീവിതം എന്ന് മനസിലാക്കി മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍. എന്നും നന്നായി പാടാന്‍ കഴിയണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഞാന്‍ ദാസങ്കിളിന്റെ അടുത്ത് പാട്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹമെങ്ങനെയാണ് സംഗീതത്തെ ഉപാസിക്കുന്നത് അതുപോലെ ഞാനും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഏത് കാര്യം ചെയ്യുമ്പോഴും നന്നായി പ്രാക്ടീസ് ചെയ്യുമ്പോള്‍ മാത്രമാണത് പൂര്‍ണ്ണമാക്കുന്നത്.
സംഗീതത്തിലെ തിയററ്റിക്കലായ പാഠങ്ങള്‍ പാട്ടില്‍ എങ്ങനെ കൊണ്ടുവരാമെന്ന് മനസിലാക്കുന്നുന്നതിനെയാണ് പഠനം എന്നു ഞാന്‍ ഉദ്ദേശിക്കുന്നത്. സാധനയിലൂടെ മാത്രമേ അതിലെത്തിച്ചേരാന്‍ കഴിയൂ. എന്നും അഭ്യസിച്ചാലേ സംഗീതം കൂടെയുണ്ടാകൂ എന്നുറച്ച് വിശ്വസിക്കുന്നതുകൊണ്ട് ഞാനെന്നും സംഗീതം അഭ്യസിക്കുകയും ഉപാസിക്കുകയും ചെയ്യാറുണ്ട്.
ചെറുപ്പം മുതല്‍ കര്‍ണ്ണാടക സംഗീതം പഠിച്ചു തുടങ്ങിയിരുന്നു. ഒന്‍പതിലോ പത്തിലോ പഠിക്കുമ്പോഴാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങുന്നത്. പഠിപ്പിക്കുന്ന രീതി കൊണ്ടാണ് ഏതൊരു കാര്യവും ഇഷ്ടപ്പെടാന്‍ തുടങ്ങുന്നത്. ഹിന്ദുസ്ഥാനി പഠിച്ചു തുടങ്ങിയശേഷം ഞാനാ സംഗീതത്തിന്റെ മാസ്മരികതയിലേക്ക് ഇഴുകിച്ചേരുകയായിരുന്നു. ഇന്നും ഞാന്‍ നന്നായി പാടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം എന്റെ ഉസ്താദ് തന്ന കോണ്‍ഫിഡന്‍സാണ്.
പൊതുവേ ഹിന്ദുസ്ഥാനി സംഗീത കച്ചേരികള്‍ക്ക് വേദികള്‍ കുറവാണ്. സൂര്യ ഫെസ്റ്റിവലില്‍ ഞാന്‍ എല്ലാവര്‍ഷവും പാടാറുണ്ട്. രാഗങ്ങളാകട്ടെ, കച്ചേരിയാവട്ടെ നമ്മള് ആസ്വദിച്ച് പാടുമ്പോഴാണ് ആസ്വാദകര്‍ക്കും ആ പാട്ട് ആസ്വദിക്കാന്‍ കഴിയുന്നത്.
ആസ്വാദകരുടെ സംതൃപ്തിയാണ് പാടാന്‍ പ്രചോദനമാകുന്നത്. സംഗീതത്തിന്റെ നല്ല വിദ്യാര്‍ത്ഥിയായി അതിനോട് നീതി പുലര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
Attittude is everything
ശുഭാപ്തിയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. നല്ല കാര്യങ്ങള്‍ എന്നായാലും വന്നു ചേരുമെന്നും എന്തു സംഭവിച്ചാലും അത് നല്ലതിനാണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. സംഗീതത്തോട് എന്നെ ചേര്ത്തുവച്ചിട്ടുണ്ടെങ്കില് ദൈവം എന്നെ മുന്നോട്ട് നയിക്കുകയും ചെയ്യും.
ചെറുപ്പം മുതല്‍ പഠിക്കുന്നുണ്ടെങ്കിലും സംഗീതത്തെ പ്രൊഫഷനായി തിരഞ്ഞെടുക്കണമെന്ന് ചിന്തിച്ചിരുന്നില്ല. എം. എ മ്യൂസിക് ചെയ്യുമെന്നോ പിന്നണി ഗായികയാവുമെന്നോ ഇന്ന് കാണുന്ന പ്രശസ്തിയൊക്കെ കിട്ടുമെന്നോ കരുതിയതല്ല. നമുക്കെന്താണോ ഈശ്വരന് നിശ്ചയിച്ചിരിക്കുന്നത് അതെന്തായാലും സംഭവിക്കും.
എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങളെല്ലാം ഭാഗ്യം കൊണ്ടു സംഭവിച്ചതാണ്. സംഭവിച്ച പാളിച്ചകളും നല്ലതിന് മുന്നോടിയായി സംഭവിച്ചതാണെന്നാണ് വിശ്വസിക്കുന്നത്. മനസ് വേദനിച്ച സമയങ്ങളില്‍ അതിജീവിക്കാനുള്ള കരുത്ത് ദൈവമെനിക്ക് തന്നിട്ടുണ്ട്.
ഞാന്‍ നൂറു ശതമാനവും ഈശ്വരവിശ്വാസിയാണ്. എന്റെ ജീവിതത്തിലുടനീളം ദൈവത്തിന്റെ ഒരു സ്പര്‍ശം ഉണ്ടായിട്ടുണ്ട്. നല്ലതിനുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. സാധാരണ ഭാവി എന്താകുമെന്ന ചോദ്യമാണ് മിക്കവരെയും ആശങ്കപ്പെടുത്തുന്നത്്. ഞാനങ്ങനെ ചിന്തിക്കുന്നില്ല. ഇപ്പോഴത്തെ ഓരോ നിമിഷവും ആസ്വദിക്കുക, സന്തോഷമായി ജീവിക്കുക എന്നതാണ് എന്റെ രീതി. അതുകൊണ്ടുതന്നെ ജീവിതത്തെ വലിയൊരു ചോദ്യചിഹ്നമായി ഞാന്‍ കാണുന്നില്ല. സന്തോഷമായി ഓരോ നിമിഷവും ജീവിക്കുക എന്നതാണ് എന്റെ ആറ്റിറ്റിയൂഡ്.
Negatives don’t distract me
എല്ലാ മനുഷ്യരിലും നെഗറ്റീവായ കാര്യങ്ങളുണ്ടാകും. ഞാന്‍ മസ്കറ്റില്‍ നിന്ന് നാട്ടില്‍ വന്ന സമയത്ത് എങ്ങനെയാണോ വീട്ടില്‍ സംസാരിക്കുന്നത് അതുപോലെയാണ് പുറത്തിറങ്ങിയാലും പെരുമാറിക്കൊണ്ടിരുന്നത്. പീന്നീടാണ് എനിക്ക് മനസിലായത് അങ്ങനെ വളരെ ക്ലോസായി എല്ലാവരോടും സംസാരിക്കരുതെന്ന്. ചില സമയത്ത് നമ്മുടെ പെരുമാറ്റം കൂടെയുള്ളവര്‍ക്ക് റൂഡായി തോന്നും. അതൊക്കെ മനസിലാക്കി ഞാന്‍ കറക്ട് ചെയ്തു.
വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല, ആര്‍ക്കും പാരവച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.
ഞാന്‍ ഭക്ഷണം ഒരുപാട് ഇഷ്ടപ്പെടുന്ന, ആസ്വദിക്കുന്ന ആളാണ്. ചിലയവസരങ്ങളില്‍ ഭക്ഷണം വേസ്റ്റാക്കാറുമുണ്ട്. ഞാന്‍ മുബൈയിലേക്ക് മാറി, അവിടെ ഒരുനേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരെ കണ്ടപ്പോഴാണ് അന്നത്തിന്റെ വില മനസിലാക്കുന്നത്.
കഷ്ടപ്പെടുന്നവരെ കാണുമ്പോഴാണ് നാം അനുഭവിക്കുന്ന സൗകര്യങ്ങളുടെ വില മനസിലാകുന്നത്. അതൊക്കെ കണ്ടപ്പോഴാണ് ജീവിതത്തില്‍ മാറ്റം കൊണ്ടുവരണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും തോന്നിയത്.
Journey through life
ജീവിതമേ സംഗീതമായി മാറിയിരിക്കുകയാണ്. രണ്ടര വയസില്‍ ഞാന്‍ പാട്ട് മൂളിത്തുടങ്ങി എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്ക് പാടാന്‍ കഴിവുണ്ടെന്ന് ആദ്യമായി പറഞ്ഞത് അമ്മയായിരുന്നു. അമ്മയുടെ ആഗ്രഹമായിരുന്നു ഞാന്‍ പാട്ട് പഠിക്കണമെന്നുള്ളത്. അമ്മയുടെ തീരുമാനം അനുസരിച്ചാണ് എന്റെ ജീവിതം മുന്നോട്ട് പോയിരുന്നത്.
സംഗീതം പഠിക്കാനായി മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തി മ്യൂസിക് കോളജില്‍ ചേര്‍ന്ന സമയത്ത് ഞാന്‍ സിനിമയില്‍ പാടിത്തുടങ്ങി. യാദൃശ്ചികമായി കിട്ടിയ അവസരങ്ങളായിരുന്നു അത്. ഞാന്‍ പാടുമെന്ന് കണ്ട് എന്റെ അധ്യാപകര്‍ അവസരങ്ങളൊരുക്കുകയായിരുന്നു. സംഗീതം പഠനവിഷയമായതുകൊണ്ട് ഓരോ റെക്കോര്‍ഡിംഗ് അനുഭവങ്ങളും പഠനത്തിന്റെ ഭാഗമായി കിട്ടിയ സ്കോളര്‍ഷിപ്പായാണ് കണ്ടത്.
ഈ തലമുറയില്‍ ജനിച്ചെങ്കിലും തൊട്ടുമുമ്പത്തെ തലമുറയില്‍പ്പെട്ട ജോണ്സണ് മാഷ്, എംജി രാധാകൃഷ്ണന് സാര്‍, രവീന്ദ്രന് മാഷ്, രാജസാര്‍, രമേശ് നാരായണ്‍ ജി എന്നിവര്‍ക്കൊപ്പമൊക്കെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. ആ പാട്ടുകളൊക്കെ ഹിറ്റുമായിരുന്നു. അതുപോലെ ഞാനൊരുപാട് ആരാധിക്കുന്ന ദാസ് സാര്‍, ചിത്രചേച്ചി, സുജാത ചേച്ചി ഇവരെല്ലാം നല്ല അഭിപ്രായം പറഞ്ഞ് കേള്‍ക്കുമ്പോഴുള്ള സന്തോഷവും വളരെ വലുതാണ്.
അങ്ങനെയാണ് എന്റെ സംഗീത യാത്ര ആരംഭിക്കുന്നത്. ഈ കാലയളവില്‍ വ്യത്യസ്ത ശൈലിയിലുള്ള പാട്ടുകള്‍ പാടാന്‍ കഴിഞ്ഞു. ഇതിനിടയില്‍ ഒരുപാട് അംഗീകാരങ്ങള്‍ തേടിയെത്തി. ഇപ്പോഴും പുതിയ സംഗീത സംവിധായകരുടെ പാട്ടുകള്‍ പാടുന്നുണ്ട്. അതോടൊപ്പം ഗസലിലും ശ്രദ്ധിക്കുന്നു.
ഞാന്‍ ഗസല്‍ പാടാന്‍ പഠിച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. സാഹിത്യത്തോടുള്ള താ ല്പര്യമാണ് ഗസല്‍ എനിക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം. ആ സമയത്താണ് ഗസല്‍ ബേസ്ഡായി കേരളത്തില്‍ ഷോ ചെയ്താല്‍ കൊള്ളാമെന്ന് ആലോചിക്കുന്നത്. അങ്ങനെയാണ് ഘയാല്‍ ബാന്‍ഡ് ഉണ്ടാകുന്നത്.
ഓരോ ഘട്ടത്തിലും ഓരോ തരം സംഗീതം പഠിക്കാനുള്ള അവസരം എന്നെ തേടിയെത്തിയത് ജീവിതത്തിലെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഗസല്‍ പാടിത്തുടങ്ങിയശേഷമാണ് അന്യഭാഷ സംസാരിക്കുന്നവരും അന്യരാജ്യത്ത് താമസിക്കുന്നവരുമായ ഒരുപാട് പേര് മഞ്ജരി എന്ന വ്യക്തിയെ അറിഞ്ഞു തുടങ്ങിയത്. അതും ജീവിതത്തിലേക്ക് വന്നുചേര്‍ന്ന ഭാഗ്യമാണ്.
അതുപോലെ ആദ്യ ബോളിവുഡ് ഫിലിം റിലീസായി. പതിനെട്ടാംപടിയാണ് അവസാനം റിലീസായ ചിത്രം, ഇട്ടിമാണി, മെയ്ഡ് ഇന്‍ ചൈന, മാര്‍ച്ച് രണ്ടാം വ്യാഴം എന്നീ സിനിമകള്‍ക്കൊപ്പം ഒരു ബോളിവുഡ് പ്രോജക്ട് കൂടി റിലീസാകാനുണ്ട്. വര്‍ത്തമാനം എന്ന ചിത്രത്തില്‍ പാടിയതിനൊപ്പം ഒരു കാമിയോ റോളും ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള സംഗീത ജീവിതം സന്തോഷകരമായി ശുഭാപ്തിയിലൂടെ മുന്നോട്ട് പോകുന്നു.
Aim to be happy
അന്നദ്ദേഹം പറഞ്ഞതെന്താണെന്ന് പൂര്‍ണ്ണമായി മനസിലായില്ലെങ്കിലും ആ വാക്കുകള്‍ എന്റെ മനസിലെന്നുമുണ്ടായിരുന്നു. സംഗീതം പഠിച്ചു വന്ന സമയത്ത് പ്രഗദ്ഭരായ ഗായകരും സംഗീത സംവിധായകരുമൊക്കെ ചെറിയ കാര്യങ്ങള്‍ പോലും പറഞ്ഞു തന്നിട്ടുണ്ട്. അതൊക്കെയും ഇന്നും മനസിലുണ്ട്.
സദ്ഗുരുവിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെന്നില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അതുപോലെ മാതാ അമൃതാനന്ദ മയി. പൂജ ചെയ്യുമ്പോള്‍ സ്വന്തം അമ്മയുടെ മുഖം ആയിരിക്കണം മനസില്‍ വരേണ്ടത് എന്ന് അമ്മ പറയാറുണ്ട്.
ജീവിതത്തില്‍ എല്ലാവരും മനസിലാക്കേണ്ട കാര്യമാണത്. അച്ഛനും അമ്മയ്ക്കും ബഹുമാനം കൊടുക്കാതെ മറ്റുള്ളവരോട് അങ്ങനെ ചെയ്യണമെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ജീവിതത്തില്‍ എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും അതിനേക്കാളൊക്കെ പ്രധാനമാണ് ആരോഗ്യം. ആയുസും ആരോഗ്യവുമാണ് എന്നുമുണ്ടാകേണ്ടത്.
Intimate to my own feelings
ഞാനതാവശ്യം ഇന്റിമേറ്റാണ്. അതുപോലെ ഇന്ഡിപെന്ഡന്റുമാണ്. കുടുംബവുമായി വളരെ ക്ലോസാണ്. അച്ഛനേയും അമ്മയേയും പിരിഞ്ഞ് ഒരുപാട് നാളൊന്നും എവിടെയും നില്ക്കാന് കഴില്ല.
അത്യവശ്യം ഇമോഷണല്‍ അറ്റാച്ച്മെന്റുളള വ്യക്തിയാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്. അവരുടെയെല്ലാം ഇടയില്‍ ജീവിക്കാനാണ് എനിക്കിഷ്ടം.
എന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള വലിയൊരു ഘടകം മാതാപിതാക്കളാണ്. ഞാനത്യാവശ്യം സ്ട്രെയിനും സ്ട്രെസുമൊക്കെയുള്ള ആളാണ്. എന്തെങ്കിലും ആലോചിച്ച് ടെന്‍ഷനായാല്‍ എനിക്കന്ന് ഉറങ്ങാന്‍ കഴിയില്ല. അങ്ങനെ ഉണ്ടാകുമ്പോള്‍,, ഇപ്പോഴിരുന്ന് ചിന്തിച്ച് ഉറക്കം കളയുന്നതുകൊണ്ട് ഒരു കാര്യമില്ല. നാളെ എന്തുചെയ്യാമെന്ന് ആലോചിക്കാം.. എന്നൊക്കെ പറഞ്ഞ് മനസും ശരീരവും ആരോഗ്യത്തോടെയിരിക്കാന്‍ എനിക്ക് ശക്തി പകരുന്നത് എന്റെ മാതാപിതാക്കളാണ്.
ഹലോ എന്ന സിനിമയിലാണ് ഞാനാദ്യമായി പാടിയത്. പക്ഷേ ഞാന്‍ പാടിയ പാട്ട് സിനിമയിലുണ്ടായിരുന്നില്ല. ആദ്യമായി പാടിയ പാട്ട് ഇറങ്ങിയില്ലല്ലോ ഇനി പാടാന്‍ അവസരം കിട്ടുമോ എന്നൊക്കെ ആലോചിച്ച് ഒരുപാട് വിഷമിച്ചിരുന്നു. അതൊന്നുമോര്‍ത്ത് വിഷമിക്കരുത്. വരാനുള്ള അവസരങ്ങളെന്തായാലും തേടിയെത്തും. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കുക എന്ന് പറഞ്ഞ് എനിക്ക് ധൈര്യം പകര്‍ന്നതെന്റെ അച്ഛനാണ്.