
ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന് സത്താര്‍ ഓര്‍മ്മയാകുമ്പോള്‍ തീരാ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക്. സിനിമയിലെത്തിയ കാലം മുതല്‍ പിന്നെയങ്ങോട്ട് കൂടുതലായും വില്ലന്‍ വേഷങ്ങളായിരുന്നു സത്താറിനെ തേടിയെത്തിയത്. സത്താറില്‍ അഭിനയപ്രതിഭയുണ്ടായിട്ടും അത് തിരിച്ചറിയുവാനോ വിനിയോഗിക്കാന്‍ മലയാളത്തിലെ സംവിധായകര്‍ക്ക് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. 1957ല്‍ എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രം മുതല്‍ 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വെച്ചത് വരെ. പതിറ്റാണ്ടുകള്‍ നീണ്ട അഭിനയം. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ഡികെ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ പുതു തലമുറയ്ക്കും സത്താര്‍ എന്ന നടന് സുപരിചിതനായി.
മികച്ച വിദ്യാഭ്യാസം നേടിയ ശേഷമായിരുന്നു സത്താറിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവ യു.സി കോളെജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ഒരു വില്ലനായിട്ടാണ് സത്താറിനെ പലരും ചിത്രീകരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സത്താര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുമ്പോള്‍ ജീവിതത്തിലെ താളമില്ലായ്മ യാണ് മരണ കാരണം എന്ന് പറയുന്നവരും ചുരുക്കമല്ല.
ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം 1976ല്‍ നായകനായി സത്താര്‍ അരങ്ങേറ്റം കുറിച്ചു. വിന്‍സന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നായക സിനിമ. എന്നാല്‍ പിന്നീട് അങ്ങോട്ട് നായകനായി സത്താറിനെ കണ്ടില്ല. സ്വഭാവ നടനായി തിളങ്ങിയെങ്കിലും ഏറെയും തേടിയെത്തിയത് വില്ലന്‍ വേഷങ്ങളായിരുന്നു. 148 ഓളം മലയാളം ചിത്രങ്ങളില്‍ സത്താര്‍ അഭിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയ പാഠവത്തിനും കഴിവിനും അനുസരിച്ചുള്ള ഒരു കഥാപാത്രം സത്താറിനെ തേടിയെത്തിയിട്ടില്ലെന്നാണ് അടുപ്പമുള്ള സിനിമ പ്രവര്‍ത്തകര്‍ പോലും പറയുന്നത്.
സത്താര്‍ സിനിമയില്‍ സജീവമായിരുന്ന കാലയിളവില്‍ നായികയായി തിളങ്ങി നിന്നിരുന്ന ജയഭാരതിയെയാണ് അദ്ദേഹം ആദ്യമായി വിവാഹം ചെയ്തത്. എഴുപതുകളിലെ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്ന ജയഭാരതിയുമായുള്ള സത്താറിന്റെ വിവാഹവും പിന്നീടുണ്ടായ വിവാഹ മോചനവുമൊക്കെ മലയാളികള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. രതി നിര്‍വേദം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ എഴുപതുകളിലെ ഓരോ യുവാക്കളുടെയും ഹരമായി മാറിയ ജയഭാരതിയെ സത്താര്‍ സ്വന്തമാക്കിയപ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ വിശ്വസിക്കാനാവാത്തവരുണ്ടായിരുന്നു. രതി നിര്‍വേദം നിര്‍മ്മിച്ച ഹരി പോത്തനായിരുന്നു ജയഭാരതിയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം പിരിഞ്ഞതോടെയാണ് ജയഭാരതിയും സത്താറും തമ്മില്‍ അടുക്കുന്നത്.
രതി നിര്വേദത്തോടെയാണ് ഹരി പോത്തനും ജയഭാരതിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുന്നതെന്നാണ് പലരും കരുതുന്നത്. ആറ് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചയുടെ തുടക്കം. എന്നാല്‍ ഇരുവരും പിരിയുന്നതിന്റെ വ്യക്തമായ കാരണം ഇപ്പോഴും പുറത്തെത്തിയിട്ടില്ല. സ്വത്ത് സംബന്ധമായ വിഷയങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ വില്ലനായെന്നും പറയപ്പെടുന്നു. ആ ബന്ധം തകര്‍ന്നതോടെ ജയഭാരതിയെ സത്താര്‍ വിവാഹം ചെയ്തു. പിന്നീട് മകനുണ്ടായതോടെ അഭിനയ ജീവിതത്തില്‍ നിന്നും ജയഭാരതി വിട്ടു നിന്നു. സത്താറും ജയഭാരതിയും തമ്മിലുള്ള ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഇരുവരും വേര്‍പിരിഞ്ഞു. ജയഭാരതിയുമായി വിവഹബന്ധം വേര്‍പെടുത്തിയ സത്താര്‍ ഒരു സീരിയല്‍ നടിയെ വിവാഹം ചെയ്തു. ആ ബന്ധവും തകര്‍ന്നതോടെ ജയഭാരതിയുമായി വീണ്ടും സത്താര്‍ ഒന്നിച്ച് ജീവിക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുമെത്തിയിരുന്നു.
സത്താറിന്റെ സിനിമ ജീവിതം ആരംഭിക്കുന്നതിനടുത്ത് നില്ക്കുന്ന വര്‍ഷങ്ങളിലായിരുന്നു രതീഷും മമ്മൂട്ടിയും തങ്ങളുടെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുക്കം ചില ചിത്രങ്ങളില്‍ സത്താര്‍ നായകനായി എത്തിയെങ്കിലും പിന്നീട് ചെറു വേഷങ്ങളിലേക്കും വില്ലന്‍ വേഷങ്ങളിലേക്കും അദ്ദേഹം തളച്ചിടപ്പെടുകയായിരുന്നു. എന്നാല്‍ ഈസമയം നായകനായി തിളങ്ങിയത് രതീഷ് ആയിരുന്നു. ശേഷം ഈ സ്ഥാനം മമ്മൂട്ടിയുടെ കൈകളിലെത്തി. രതീഷ് അകാലത്തില്‍ അന്തരിച്ചു. നായകനായി മമ്മൂട്ടി ഇപ്പോഴും തിളങ്ങി നില്ക്കുന്നു. ഇതിനിടെ സത്താറിന് സിനിമകള്‍ കുറഞ്ഞു, പതിയെ മലയാള സിനിമയില്‍ നിന്നും അദ്ദേഹം അപ്രത്യക്ഷനായി. എന്നാല്‍ 2014ല്‍ പുറത്തെത്തിയ ആഷിഖ് അബു ചിത്രം 22 ഫീമെയില്‍ കോട്ടയത്തിലൂടെ തിരിച്ചുവരവിന് ശ്രമിച്ചു. കഥാപാത്രം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ അധികം അവസരം അദ്ദേഹത്തെ തേടിയെത്തിയതുമില്ല.
ഇതിനിടെ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനം തുടങ്ങി നാട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങി എന്ന കേസില്‍ സത്താറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി സമന്‍സ് കൈപ്പറ്റാതെ മുങ്ങി നടക്കുന്നു എന്ന് കാട്ടിയായിരുന്നു പോലീസ് സത്താറിനെ പിടികൂടുന്നത്. രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും സത്താര്‍ ഹാജരാകാന്‍ തയ്യാറായില്ലെന്നാണ് വിവരം. 2007-ലാണ് സത്താര്‍ ചെയര്മാന് ആയ ഇന്ഫോവിഷന് എന്ന പേരില്‍ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും ഡയറക്ട് മാര്‍ക്കറ്റിങ് വഴി വില്‍ക്കുന്ന സ്ഥാപനം ആരംഭിക്കുന്നത്. ഇതിന്റെ പേരില്‍ ആളുകളില്‍ നിന്ന് പിരിച്ചെടുത്ത പണം തിരിച്ച് കിട്ടിയില്ലെന്നായിരുന്നു പരാതി. സത്താര്‍ ആയിരുന്നു സ്ഥാപനത്തിന്റെ ചെയര്മാന്. സിദ്ദിഖ് അന്‍വര്‍ മാനേജിങ് ഡയറക്ടറും, നവാസ്, നാസര്‍ എന്നിവര്‍ പാര്‍ട്ണര്‍മാരും ആയിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് ശാന്തിപുരത്തെ വീട്ടില്‍ വച്ചാണ് 2015ല്‍ സത്താറിനെ അറസ്റ്റ് ചെയ്തത്.
സിനിമ ജീവിതത്തില്‍ സത്താറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് രതീഷായിരുന്നു. രതീഷിനൊപ്പം ചേര്‍ന്ന് മൂന്ന് ചിത്രങ്ങള്‍ സത്താര്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത്മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം. വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം സിനിയിലെത്തി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.






