
ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റിയുടെ (ഐഐഎച്ച്എസ്) ഉയര്‍ന്ന സുരക്ഷാ റേറ്റിംഗ് ടെസ്ല മോഡല്‍ 3 കരസ്ഥമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്ല വാഹനമാണ് മോഡല്‍ 3.
മോഡല്‍ 3 ഇലക്ട്രിക് സെഡാന് 'ടോപ് സേഫ്റ്റി പിക്ക് പ്ലസ്' എന്ന ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിംഗാണ് ഐഐഎച്ച്എസ് നല്‍കിയത്. വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഫണ്ട് ചെയ്യുന്ന യുഎസ് സന്നദ്ധസംഘടനയാണ് ഐഐഎച്ച്എസ്.
പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത് കൂടാതെ മോട്ടോര്‍ വാഹനങ്ങളുടെ കൂട്ടിയിടി കുറയ്ക്കുന്നതിനും മറ്റുമായി ഐഐഎച്ച്എസ് പ്രവര്‍ത്തിക്കുന്നു.
ടെസ്ല മോഡല്‍ 3 കൂട്ടിയിടി സുരക്ഷ സംബന്ധിച്ച് മികച്ച റേറ്റിംഗുകളാണ് നേടിയത്. 'ഡ്രൈവര്‍സൈഡ് സ്മോള്‍ ഓവര്‍ലാപ് ഫ്രണ്ട് ടെസ്റ്റ്' മികച്ച രീതിയില്‍ ചെറുക്കാന്‍ കാറിന്റെ ചട്ടക്കൂടിന് കഴിഞ്ഞതായി ഐഐഎച്ച്എസ് അറിയിച്ചു.
ടെസ്ല കാറുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നത് വളരെ ചെലവേറിയ കാര്യമാണെന്ന് സുരക്ഷാ വിദഗ്ധരും ഇന്‍ഷുറന്‍സ് സേവനദാതാക്കളും പറയുന്നു. ടെസ്ല കാറുകളുടെ വാഹനഘടകങ്ങളും സെന്‍സര്‍ ഉപകരണങ്ങളും നന്നാക്കുന്നതിന് ഭാരിച്ച ചെലവ് വരും എന്നതാണ് കാരണം.
എന്നാൽ, കാലിഫോര്‍ണിയയിലെ ഡ്രൈവര്‍മാര്‍ക്കായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് സര്‍വീസ് ആരംഭിക്കുകയാണെന്ന് കഴിഞ്ഞ മാസം ടെസ്ല പ്രഖ്യാപിച്ചിരുന്നു.






