
മഴ ഒരു സ്വപ്നമാണ്... പെയ്തൊഴിഞ്ഞ് അടര്‍ന്നുപോകുന്ന മനോഹര സ്വപ്നം. ആ മഴനിലാവുകളെ നെഞ്ചോടു ചേര്‍ത്ത ഗായകനാണ് വിധു പ്രതാപ്.
തന്റെ ഗാനങ്ങളിലെ ഓരോ ഈണവും താളവും ചാറ്റല്മഴപോലെയും രാത്രിമഴപോലെയും ആര്‍ത്തലച്ചുപെയ്യുന്ന പേമാരി പോലെയും ശാന്തമായി പെയ്തുതോരുന്ന നൂല്മഴപോലെയും ശ്രോതാക്കളുടെ കാതുകളിലെത്തുമ്പോള്‍ നാം അറിയാതെ ഈ ഗായകനെ ഇഷ്ടപ്പെട്ടുപോകും.
സംഗീതരംഗത്ത് 20ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ് വിധു. എങ്കിലും ദേവരാജന്‍ മാസ്റ്ററുടെ മുന്നില്‍ സംഗീതം പഠിക്കാനെത്തിയ ആ കുട്ടിയാണ് ഇപ്പോഴും താനെന്ന് വിധു പറയുന്നു...
പുതിയ സിനിമ റിലീസാകാന്‍ പോകുന്ന സന്തോഷത്തിലാണ് ?
അതെ. പുതിയ സിനിമ ഉടനെ റിലീസാകും. പോര്‍ക്കളം എന്ന ചിത്രത്തിലെ രാത്രിമഴ എന്ന പാട്ടാണ് ഏറ്റവും പുതിയത്. സിനിമയും, മ്യൂസിക് വീഡിയോയും ആല്‍ബവും ഒക്കെയായി ഞാനെപ്പോഴും സംഗീത രംഗത്ത് സജീവമാണ്. നല്ല ബാനറിന്റെ ചിത്രങ്ങള്‍ കിട്ടാതിരുന്നതുകൊണ്ട് ചില സിനിമയിലെ ഗാനങ്ങളൊന്നും അധികം ശ്രദ്ധിക്കപ്പെട്ടില്ല. പോര്‍ക്കളം നല്ല ഒരു ബാനറിന്റേതാണ്. പ്രതീക്ഷയുള്ള ചിത്രമാണ്.
സിനിമയുടെ ഇടയിലും സ്വന്തമായി മ്യൂസിക് വീഡിയോ, ആല്‍ബം ഒക്കെ ചെയ്യുന്നുണ്ട്. ചിലതൊക്കെ റിലീസിനു കാത്തിരിക്കുന്നു. അടുത്തിടെ നങ്ങേലി എന്നൊരു ആല്‍ബം ചെയ്തിരുന്നു. അത് അത്യാവശ്യം വിജയമായിരുന്നു. ധാരാളമാളുകള്‍ ഈ ആല്‍ബം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞിരുന്നു. സ്റ്റേജുകളില്‍ പാടിയപ്പോഴും നല്ല റസ്പോണ്‍സ് കിട്ടി. അത്തരം നല്ല വാക്കുകള്‍ തന്ന ആത്മവിശ്വാസം വളരെ വലുതാണ്.
പാടിയ പാട്ടുകളെല്ലാം ജനങ്ങള്‍ ഏറ്റെടുക്കുന്നു. ആ ഭാഗ്യത്തെക്കുറിച്ച്്?
കലാകാരന്മാര്ക്ക് ലഭിക്കുന്ന ഒരു ഭാഗ്യമുണ്ട്, അവര്‍ ചെയ്യുന്ന ഏതെങ്കിലും കലാരൂപത്തെ ആളുകള്‍ മറക്കാതെ മനസില്‍ സൂക്ഷിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആ പാട്ടോ നൃത്തമോ സിനിമയോ ഒക്കെ ഇപ്പോഴും മനസിലുണ്ടെന്ന് അവര്‍ നമ്മോട് വന്നു പറയും.
ജീവിതത്തിലെ ഒരു ഭാഗം പോലെ ചിലര്‍ ചില ഗാനങ്ങളെ കാത്തുസൂക്ഷിക്കാറുണ്ട്. ചില ഓര്‍മകളുമായും മറ്റും കണക്ട് ചെയ്തൊക്കെ. അത്തരത്തില്‍ ആ ഗാനങ്ങളിലൂടെ നമ്മളേയും അവര്‍ ഓര്‍ക്കുന്നുവെന്ന് പറയുമ്പോള്‍, അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷംതോന്നും. അത് കലാകാരന്മാര്ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ്. എല്ലാ കലാകാരന്മാരെയും പോലെ ഞാനുമത് ആസ്വദിക്കുന്നു.
വിധുവിന്റെ മഴപ്പാട്ടുകള്‍ നെഞ്ചോടുചേര്ക്കാത്ത മലയാളിയില്ല?
എനിക്കെപ്പോഴും തോന്നാറുണ്ട് മഴയും ഞാനുമായിട്ട് ഒരു മാജിക്കല്‍ ടച്ച് ഉണ്ടെന്ന്. ഞാന്‍ മഴയെക്കുറിച്ച് പാടുന്ന പാട്ടുകളെല്ലാം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ചിത്രത്തിലുമുണ്ട് രാത്രിമഴ എന്നുതുടങ്ങുന്ന ഒരു ഗാനം. അതുപോലെ മഴയുള്ള രാത്രിയില്‍... എന്തോ മൊഴിയുവാനുണ്ടാകുമീ... ഈ പാട്ടുകളെല്ലാം ഒരു പ്രത്യേകതരം ഉന്മേഷമാണ് മനസില്‍ നിറച്ചിട്ടുള്ളത്.
മഴപ്പാട്ടുകള്‍ എനിക്കെപ്പോഴും പ്രിയമുള്ളതാണ്. മഴ കാണുന്നതും, ആസ്വദിക്കുന്നതും, മഴയില്‍ നനയുന്നതും, ചാറ്റല്‍ മഴയത്തുള്ള യാത്രകളും ഒക്കെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.
സ്വപ്നം കാണാറുണ്ടോ?
സ്വപ്നം കാണാറുണ്ട്, സ്വപ്നങ്ങളും ധാരാളമുണ്ട്. ചിലപ്പോള്തോന്നും ബോളിവുഡ്ഡും കഴിഞ്ഞ് ഹോളിവുഡ് പ്രോജക്ടില്‍ വര്‍ക്ക് ചെയ്യണമെന്നൊക്കെ. നമുക്ക് സ്വപ്നങ്ങള്‍ കാണാന്‍ കടിഞ്ഞാണില്ലല്ലോ. സ്വപ്നം കാണൂ എന്നാണല്ലോ അബ്ദുല്‍കലാമും പറഞ്ഞിരിക്കുന്നത്.
മനസില്‍ വച്ചാരാധിക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ട്. മനസിന് സന്തോഷംതരുന്ന കാര്യങ്ങളെല്ലാം ഞാന്‍ ചെയ്യാറുണ്ട്. കലയാണ് എന്റെ ജീവിതം.
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വിശ്വസിക്കുന്നു ണ്ടോ?
ഈ കഴിഞ്ഞുപോയ നിമിഷംകൂടി ഞാന്‍ ചിന്തിച്ച കാര്യമാണത്. ജീവിതത്തില്‍ കിട്ടിയതെല്ലാം ഭാഗ്യമായി കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഇത്രയും കാലം കിട്ടിയതെല്ലാം ഭാഗ്യമാണ്. എന്റെ മാതാപിതാക്കള്‍, ദേവരാജന്‍ മാസ്റ്റര്‍, ശരത്തേട്ടന്, വിദ്യാസാഗര്‍, രാജാസാര്‍, മോഹന്‍ സിത്താര സര്, ഔസേപ്പച്ചന് സര് ഇവരെയൊക്കെപ്പോലുള്ള ഗുരുക്കന്മാര്, അവരെയൊക്കെ ലഭിച്ചത് ഭാഗ്യം കൊണ്ടല്ലേ.
സംഗീത ലോകത്തെ എന്റെ 20ാം വര്‍ഷമാണിത്. ഈ 20 വര്‍ഷം ലഭിച്ച ഓരോ പാട്ടും ദൈവം തന്ന വരദാനമായിക്കാണുന്നു. അതുപോലെ ദീപ്തിയുമായുള്ള വിവാഹശേഷം അവളുടെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ട്. അതൊക്കെ ചെറിയ കാര്യമല്ലല്ലോ.
ജീവിതത്തില്‍ ഒരു ചെറിയ കാര്യം നടന്നില്ല, അല്ലെങ്കില്‍ എനിക്കത് കിട്ടിയില്ല ഇങ്ങനെയൊക്കെ ആലോചിച്ച് വിഷമിക്കുന്നവരാണ് മിക്കവരും. നമുക്ക് കിട്ടിയ ബാക്കിയെല്ലാ സന്തോഷവും ആ നിമിഷം മറന്നുകൊണ്ടാണ് കിട്ടാതെപോയ കാര്യത്തിനുപിറകെ പോകുന്നത്. അത് മനുഷ്യസഹചമായ സ്വഭാവമാണ്. പക്ഷേ ഞാന്‍ അങ്ങനെ ചിന്തിക്കാനിഷ്ടപ്പെടുന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ഭാഗ്യവാനാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
ദേവരാജന്‍ മാഷിന്റെ ശിഷ്യനായതിനെക്കുറിച്ച്?
പുതിയ ഗായകരില്‍ എനിക്കും സുധീപ് ചേട്ടനും മാത്രമാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാരാകാനുളള ഭാഗ്യം ലഭിച്ചിട്ടുള്ളത്. നാല് വര്‍ഷത്തോളം മാഷിനെപോലൊരു ലജന്ഡിനൊപ്പം നില്ക്കാന് സാധിച്ചു.
പോകാന്‍ തുടങ്ങിയപ്പോള്‍ മാഷ് ചോദിച്ചു. നീ സംഗീതം പഠിക്കുന്നുന്നുണ്ടോ?? ഉണ്ടെന്ന് ഞാന്‍. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നല്ലത്, ശാസ്ത്രീയ സംഗീതം പഠിക്കുന്നത് ഗുണം ചെയ്യും.. ഇത്രയുമേ പറഞ്ഞുള്ളു. പാട്ടിഷ്ടപ്പെട്ടെന്നോ ഇല്ലെന്നൊ പറഞ്ഞല്ല. ദേവരാജന്‍ മാഷിന്റെ മുന്നില്‍ പാടാന്‍ കഴിഞ്ഞ സന്തോഷത്തില്‍ അവിടുന്നു പോന്നു.
ഒരാഴ്ചകഴിഞ്ഞപ്പോള് പ്രകാശേട്ടന് വീട്ടിലേക്ക് വിളിച്ചു. എന്നെ മാഷ് പാടാന്‍ വിളിച്ചിരിക്കുന്നു. (ആ സമയത്ത് ദേവരാജന്‍ മാസ്റ്റര്‍ വയലാര്‍ ചരമദിനത്തില്‍ വയലാര്‍ ദേവരാജന്‍ നൈറ്റ്സ് എന്ന പ്രോഗ്രാം ഓര്‍ഗനൈസ് ചെയ്തിരുന്നു. മരിക്കുന്നതുവരെ മാഷാണത് ചെയ്തിരുന്നത്.) അന്ന് തുടങ്ങിയ ബന്ധം നാല് വര്‍ഷത്തോളം നീണ്ടു.
ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു പഠനം. എല്ലാദിവസവും കോളജ് വിട്ട് നേരെ മാഷിന്റെ വീട്ടിലേക്ക് പോകും. മാഷ് പഠിപ്പിക്കും. ഇത്രയും വലിയ കലാകാരന്റെ ഗുരുമുഖത്തുനിന്ന് നേരിട്ട് പഠിക്കാന്‍ കഴിയുക എന്നത് വലിയൊരു ഭാഗ്യമല്ലേ. മാഷിന്റെ അവസാനംവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും മാഷിനോടൊപ്പമുണ്ടായിരുന്ന ആ ദിവസങ്ങളുടെ മതിപ്പിനോളം വരില്ല ഒന്നും.
ജീവിതത്തില്‍ വിസ്മയം തോന്നിയ ഒരു വ്യക്തിത്വം?
മൈക്കിള്‍ ജാക്സന് പലപ്പോഴും ഒരു വിസ്മയമായിത്തോന്നിയിട്ടുണ്ട്. ചെറുപ്പംമുതല്‍ കേള്‍ക്കുന്നതാണല്ലോ അദ്ദേഹത്തെക്കുറിച്ച്. ഒരു കംപ്ളീറ്റ് പെര്‍ഫോര്‍മര്‍. അദ്ദേഹത്തെപ്പോലൊരു കലാകാരനെ കണ്ടിട്ടില്ല. കംപോസറാണ്, പാട്ടുകാരനാണ്, സ്വന്തം സ്റ്റേജ് ഷോകള്‍ ഡയറക്ട് ചെയ്യും. ഒരു പാട്ടില്‍ എന്തൊക്കെ വേണം, എങ്ങനൊക്കെ വേണം എന്ന് വളരെ ക്യത്യമായിട്ട് ഡയറക്ടറിന് പറഞ്ഞുകൊടുക്കും.
ഒരിക്കല്‍ അദ്ദേഹത്തിന്റെ യു ആര് നോട്ട് എലോണ്‍ എന്ന പാട്ടിനുവേണ്ടിയുള്ള റിഹേഴ്സലിന്റെ ഒരു വീഡിയോ കണ്ടിരുന്നു. അതില്‍ ഒരു മെലഡി പാട്ട് പെര്‍ഫോം ചെയ്യാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ആദ്യവരി തുടങ്ങും മുന്‍പ് കീബോര്‍ഡില്‍ ഒരു കോഡ് വീഴും.
അങ്ങനെ ആദ്യവരി പാടിക്കഴിഞ്ഞ് കോഡ് വീഴുമ്പോള്‍ അദ്ദേഹം കീബോര്‍ഡ് വായിക്കുന്ന ആളിന്റെയടുത്ത് പറഞ്ഞു, ഇത്രയും സ്ട്രോങ് ആയിട്ട് വായിക്കേണ്ട, മൂണ്‍ലൈറ്റ് ശരീരത്തില്‍ പതിക്കുന്ന ആ സോഫ്റ്റ്നസുണ്ടല്ലോ അത്രയും സോഫ്റ്റായി വായിക്കൂ.... അദ്ദേഹം പറഞ്ഞുകൊടുത്ത ആ ഉദാഹരണം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അത്രയും ചെറിയകാര്യത്തെക്കുറിച്ചുപോലും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന്റെ പേഴ്സണാലിറ്റിയൊക്കെ എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്.
മനസിനെ പിടിച്ചുലച്ച, മായാത്ത ഏടുകള്‍ സമ്മാനിച്ച ആ ഗാനം ഏതാണ്?
മാനസികമായി ഏറ്റവും അടുപ്പം തോന്നിയത് എന്റെ ആദ്യ ഗാനത്തോടുതന്നെയാണ്. 1994ല്‍ ദേവദാസിയിലെ പൊന്‍വസന്തം എന്ന പാട്ട്. എനിക്കിപ്പോഴും ഓര്‍മയുണ്ട് റെക്കോര്ഡിങ്ങിനുപോയതും ശരത്തേട്ടന് എന്നെ പാട്ട് പാടിപ്പിച്ചതും ഒക്കെ.
പതിമൂന്നക്ഷരതാളം അതായിരുന്നു ആ പാട്ടിന്റെ താളക്രമം. എന്തൊരു ടെഷനായിരുന്നു അന്നെനിക്ക്. ശരത്തേട്ടന് വളരെ കൂളായിട്ടുള്ള മ്യൂസിക് ഡയറക്ടറായതുകൊണ്ട് എന്നെ വളരെയധികം ആശ്വസിപ്പിച്ച്, സമാധാനിപ്പിച്ച്, ധൈര്യം തന്നാണ് പാടിച്ചത്. അതെനിക്ക് ഇന്നലെ നടന്നതുപോലെ ഓര്‍മയിലുണ്ട്.
അതുപോലെ മനസിനെ പിടിച്ചുലച്ചത് എന്നൊക്കെ പറയാവുന്ന ഒരു ഗാനം സായാഹ്നത്തിലെ കാലമേ കൈക്കൊള്ളുക നീ കാവല്‍ നായകനെ... എന്ന ഗാനമാണ്. ആ പാട്ടിനെനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. ഒ. മാധവന് സാര്‍ മെയിന്‍ ക്യാരക്ടറായി അഭിനയിച്ച ചിത്രമായിരുന്നു അത്. സിനിമയില്‍ ഒ.മാധവന് സാര്‍ മരിച്ചുകഴിഞ്ഞ് ക്ലെമാക്സില്‍ വരുന്ന പാട്ടാണിത്.
സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിക്കുന്നത് ഇ. കെ. നായനാര്‍ സാറില്‍നിന്നാണ്. നായനാര്‍ സാര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശരീരം കേരളത്തിലുടനീളം വിലാപയാത്രയായി കൊണ്ടുപോയിരുന്നല്ലോ. ആ വിലാപയാത്രയിലുടനീളെ കാലമേ കൈക്കൊള്ളുക നീ കാവല്‍ നായകനെ എന്ന ഈ പാട്ടാണ് ചാനലിലൊക്കെ പ്ലേ ചെയ്തിരുന്നത്.
ഞാന്‍ ഏറെ ആരാധിക്കുന്ന ജനനായകനായതുകൊണ്ടും, എനിക്ക് അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ ചിരിച്ചുകൊണ്ടെന്നെ ചേര്‍ത്തുനിര്‍ത്തിയ ഓര്മകളുള്ളതുകൊണ്ടുമൊക്കെയാവാം അന്ന് ഓരോതവണ ആ പാട്ട് കേട്ടപ്പോഴും കണ്ണ് നിറഞ്ഞത്.
പുതിയ പ്രോജക്ടുകള്‍ ?
പോര്‍ക്കളം റിലീസാകാന്‍ പോകുന്നു. ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊള്ളയടിച്ചാല്‍, ഗ്രാമവാസീസ്, പ്രണയ തീര്‍ത്ഥം, ചങ്ങായി ഇവയൊക്കെയാണ് പുതിയ വര്‍ക്കുകള്‍...
ഷെറിങ്ങ് പവിത്രന്