
വയനാട്: വയനാട്ടില്‍ ഒക്ടോബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേരളത്തേയും കര്‍ണാടകത്തേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ വനപാതയില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണത്തിന് നീക്കം നടക്കുന്നതായി ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യാത്രനിരോധനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ പാതയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ ഇളവ് വരുത്തണം എന്നാവശ്യപ്പെട്ട് യുജവന സംഘടനകളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. യാത്രാനിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ പാതയില്‍ പൂര്‍ണ്ണമായി ഗതാഗതം നിരോധിക്കുന്നത സുംബന്ധിച്ച് സുപ്രീംകോടതി അഭിപ്രായം തേടിയിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
ദേശീയ പാത 766 കടന്നുപോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലുടെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടുന്നതിലെ അഭിപ്രായം വനം-പരിസ്ഥിതി മന്ത്രാലയത്തോടാണ് തേടിയത്. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിര്‍ദ്ദേശം തേടിയിരുന്നു.






