
ഏതൊരാളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്. തങ്ങള് സ്വപ്നം കണ്ടത് പോലെ ഒരു വീടുണ്ടാക്കുക എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 40കാരനായ ഉമ ശങ്കര് ഗുരുവും ഒരു വീട് സ്വപ്നം കണ്ടിരുന്നു. ബെംഗുളൂരു നഗരത്തിന്റെ മാറ്റം കണ്ടയാളാണ് ഉമ. കോണ്ക്രീറ്റ് കാടുകള് നിറഞ്ഞ തന്റെ നഗരത്തില് ഒരു വീട് ഉണ്ടാക്കുമ്പോള് അത് പ്രകൃതിയോട് ചേര്ന്ന് നില്ക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.
അവസാനം വെറും പത്ത് ലക്ഷം രൂപ ചിലവില് തന്റെ സ്വപ്നത്തിലെ മണ്വീട് അദ്ദേഹം കെട്ടി. മണ്വീടിന് ഉറപ്പ് ഉണ്ടാകുമോ എന്നതായിരുന്നു പലരുടേയും സംശയം. പക്ഷേ കോണ്ക്രീറ്റ് നിര്മിതി പോലെത്തന്നെ ഉറപ്പും ഈടുമുള്ളതാണ് മണ്ണും മുളയും കൊണ്ടുള്ള ചട്ടക്കൂട്. നിരവധി വര്ഷങ്ങള് കേടുകൂടാതെ ഇവ നിലനില്ക്കുമെന്നും ഉമ പറയുന്നു. കൂടാതെ ഏതു കടുത്ത ചൂടത്തും ഈ വീട്ടിനുള്ളില് തണുപ്പാണ്. 2017ല് തമിഴ്നാട്ടില് വച്ച് ആര്ക്കിടെക്റ്റ് ബിജു ഭാസ്കര് നടത്തിയ ഒരു വര്ക്ക് ഷോപ്പില് പങ്കെടുത്തതോടെയാണ് ചെളിയും തടിയും കൊണ്ട് വീട് നിര്മ്മിക്കാം എന്ന ഉറപ്പ് ഉമയ്ക്ക് ഉണ്ടായത്.

സ്വന്തമായി ഉണ്ടായിരുന്ന രണ്ടേക്കര് സ്ഥലമാണ് അദ്ദേഹം വീട് വയ്ക്കാന് എടുത്തത്. ഈ സ്ഥലത്ത് അത്യാവശ്യം കൃഷിയും ഉമ നടത്തുന്നുണ്ട്. 1600 ചതുരശ്രയടിയാണ് വീട്. മണ്ണ്, ചുണ്ണാമ്പ്കല്ല്, തടി എന്നിവയാണ് വീടിന്റെ നിര്മ്മാണവസ്തുക്കള്. ചെളിമണ്ണും ചരലും വയ്ക്കോലും ചേര്ന്ന മിശ്രിതമാണ് സിമന്റിനു പകരം ഉപയോഗിച്ചത്. രണ്ടു ബെഡ്റൂം ഉള്ളതാണ് വീട്. ഫര്ണിച്ചര് വാങ്ങി അധികം പണം കളയാതെ വീടിന്റെ ചിമ്മിനി, അലമാര എല്ലാം മുള കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്. രാജസ്ഥാനി പ്ലാസ്റ്റര് ടെക്നിക് ആണ് വീട് വാട്ടര് പ്രൂഫ് ആക്കാന് ഉപയോഗിച്ചത്. തറയില് ടെറാക്കോട്ട ടൈലുകളാണ് നല്കിയിരിക്കുന്നത്.







Comments