
പൂക്കളമൊരുക്കിയും വള്ളംകളി ആസ്വദിച്ചും ഉത്സവം പോലെ കൊണ്ടാടിയ സമ്പന്നമായ കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്കാണ് ശ്രീയ രമേശിന് എല്ലാ ഓണക്കാലവും. വള്ളംകളിപ്പാട്ടിന്റെ ഈരടികളും താളവും മനസില്‍ സൂക്ഷിക്കുന്ന ശ്രീയ മക്കള്‍ക്കും ആ പൈതൃകം പകര്‍ന്ന് നല്‍കണമെന്ന് ആഗ്രഹിക്കുന്നു.
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ലൂസിഫറിലെ ഗോമതി എന്നൊരു കഥാപാത്രം മാത്രം മതി ശ്രീയ രമേശ് എന്ന നടിയെ തിരിച്ചറിയാന്‍. നാല് വര്‍ഷങ്ങള്‍ക്കിടയില്‍ പതിനേഴോളം സിനിമകള്‍.
എല്ലാത്തിലും ചെറുതാെണങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍. പ്രവാസ ലോകത്തുനിന്നു ടെലിവഷന്‍ പരമ്പരകളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ശ്രീയയുടെ ഓണവിശേഷങ്ങള്‍.
പൊന്നോണക്കാലം
പ്രവാസ ജീവിതത്തിന് ഇടവേള നല്കി നാട്ടിലെത്തി ഓണമാഘോഷിച്ച കുട്ടിക്കാലം ഇന്നും മനസിലുണ്ട്. നാട്ടില്‍ സെറ്റിലായശേഷം കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്നാണ് ഓണം ആഘോഷിച്ചിരുന്നത്.
അടുത്ത വീട്ടിലെ കുട്ടികളിടുന്ന പൂക്കളത്തേക്കാള്‍ നല്ല പൂക്കളമൊരുക്കാന് മത്സരിച്ചതും അയല്‍വീടുകളില്‍ ചെന്ന് പൂക്കള്‍ പറിച്ചുകൊണ്ടുവന്നതും വള്ളംകളി കാണാന്‍ പോകുന്നതുമൊക്കെ ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളാണ്. തിരുവോണനാളില്‍ നാക്കിലയില്‍ വിളമ്പുന്ന സദ്യയും മുതിര്‍ന്നവര്‍ തരുന്ന ഓണക്കോടിയുമൊക്കെയാണ് ഓണത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍.
വിവാഹശേഷം വീണ്ടും പ്രവാസിയായപ്പോഴും ഓണാഘോഷങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിട്ടില്ല. നാട്ടിലേക്കാളും നന്നായി ഓണം ആഘോഷിക്കുന്നത് പ്രവാസികളാണ്. പുലികളിയും തിരുവാതിരയും പൂക്കളവുമൊക്കെയായി ഏകദേശം ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുണ്ടാകും. കേരളത്തില്‍ ആഘോഷിക്കുന്നതുപോലെ തന്നെ അവിടെയും ഓണം ഗംഭീരമാക്കുന്നതുകൊണ്ട് പലരും ഓണത്തിന് നാട്ടില്‍ വരാറില്ല. എങ്കിലും നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആഘോഷിക്കാനായിരുന്നു എനിക്കിഷ്ടം.
ആഘോഷങ്ങളോടനുബന്ധിച്ച് പായസ മത്സരവും പൂക്കള മത്സരവുമൊക്കെയുണ്ടാകും. മത്സരത്തില്‍ എനിക്ക് സമ്മാനം കിട്ടിയിട്ടുമുണ്ട്. അതുപോലെ പ്രവാസികളെല്ലാവരും ചേര്‍ന്നുള്ള മെഗാ തിരുവാതിരയും സെലിബ്രിറ്റീസ് അവതരിപ്പിക്കുന്ന പ്രോഗ്രാമുകളുമൊക്കെയായി ഒരുമാസം ആഘോഷങ്ങള്‍ കളറാക്കും.
സദ്യയൊരുക്കുന്ന കൂട്ടത്തില്‍ ബാച്ചിലേഴ്സിനുവേണ്ടിയും ഞാന്‍ ഭക്ഷണമുണ്ടാക്കുമായിരുന്നു. എത്ര തിരക്കുകളുണ്ടെങ്കിലും ഓണത്തിന് കുടുംബത്തോടൊപ്പമിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഓണത്തിന്റെ ആഘോഷങ്ങളൊക്കെ ആസ്വദിച്ചാണ് ഞാന്‍ വളര്‍ന്നത്. ആ പൈതൃകം എന്റെ മക്കള്‍ക്കും കൊടുക്കാന്‍ ശ്രമിക്കാറുണ്ട്.
അവര്‍ക്കായി ഊഞ്ഞാലൊരുക്കിയും സദ്യയൊരുക്കിയും നാട്ടിലെ വള്ളംകളി കാണിച്ചുമൊക്കെ ഓണവും നാടിന്റെ നന്മയും വിശുദ്ധിയുമൊക്കെ കുട്ടികള്‍ക്കും പകര്‍ന്ന് നല്കാന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
എന്നും എപ്പോഴും
സിനിമയിലേക്ക് യാദൃശ്ചികമായി എത്തിയ ഒരാളാണ് ഞാന്‍. എങ്കിലും ഇന്ന് ഞാ ന് അഭിനയത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. പിന്നീട് വേട്ട, ഒപ്പം, ലൂസിഫര്‍ അങ്ങനെ മലയാളത്തില്‍ പതിനേഴോളം ചിത്രങ്ങള്‍ ചെയ്തു. അതിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു.
സത്യന് അന്തിക്കാട് സാര്‍, രാജേഷ്പിള്ള സാര്‍, പ്രിയദര്ശന് സാര്‍, പൃഥ്വിരാജ് തുടങ്ങി പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. എനിക്ക് കിട്ടിയതില്‍ വച്ചേറ്റവും വലിയ ഭാഗ്യമാണത്. അവരുടെയൊക്കെ സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുന്നതുപോലും സന്തോഷമുള്ള കാര്യമാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവും.
ഞാന്‍ അഭിനയിക്കുന്ന ഒരു സീനോടെയാണ് ലൂസിഫറിന്റെ ഷൂട്ട് തുടങ്ങുന്നതുപോലും. സിനിമയുടെ ഷൂട്ട് മുമ്പേ തുടങ്ങിയിട്ടുണ്ടാകുമെന്നോര്ത്താണ് ഞാന്‍ ലൊക്കേഷനിലെത്തുന്നത്.
അന്ന് വേറെയാര്‍ക്കും ഷൂട്ടില്ല, ക്യാമറ ഓണ്‍ ചെയ്യുന്നത് തന്നെ ശ്രീയയുടെ മുഖത്തേക്കാണ് എന്നെന്നോട് സിദ്ധു പനയ്ക്കല്‍ പറഞ്ഞപ്പോള്‍ ചെറിയൊരു പേടി തോന്നി. ഭാഗ്യവും രാശിയുമൊക്കെ നോക്കുന്നവരാണല്ലോ സിനിമക്കാര്‍. ചിത്രം റിലീസാകുന്ന വരെ ആ പേടി എനിക്കുണ്ടായിരുന്നു. ലൂസിഫര്‍ ഹിറ്റായ ശേഷം രാശിയുള്ള നടിയാണെന്ന് പറഞ്ഞ് കേട്ടപ്പോഴാണ് സമാധാനമായത്.
ലാലേട്ടനോടൊപ്പം
ചെയ്ത സിനിമകളില്‍ ലാലേട്ടനോടൊപ്പമാണ് കൂടുതലും അഭിനയിച്ചത്. എല്ലാവരുടേയും സ്വപ്നമാണ് ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുക എന്നത്. ലൊക്കേഷനിലെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ നോക്കുന്ന ആളാണദ്ദേഹം. ആശിര്‍വാദിന്റെ സിനിമാ ലൊക്കേഷനിലെത്തുമ്പോള്‍ സ്വന്തം വീട്ടില്‍ വന്നതുപോലെയാണ് തോന്നുന്നത്.
എന്നും എപ്പോഴും എന്ന ചിത്രത്തില്‍ എന്റെ ആദ്യ സീന്‍തന്നെ ലാലേട്ടനും മഞ്ജുവിനും ലെനയ്ക്കും ഒപ്പമായിരുന്നു. ആദ്യമായി സിനിമയിലഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. നാടകത്തിലും സീരിയലിലുമൊക്കെ അഭിനയിച്ചതുകൊണ്ടാവാം ഒട്ടും പേടിയില്ലാതെ അഭിനയിച്ചെന്ന് സത്യന് സാര്‍ പറഞ്ഞത് എനിക്ക് കിട്ടിയ വലിയൊരു ക്ലോംപ്ലിമെന്റായിരുന്നു.
ക്യാമറയ്ക്ക് മുമ്പില്‍ വരുന്നതുവരെ പേടിയുണ്ടാകും. പക്ഷേ ആക്ഷന്‍ പറഞ്ഞുകഴിഞ്ഞാല്‍ ഞാന്‍ ഒ.കെയാകും. ഒടിയനില്‍ പ്രകാശ് രാജ് സാറിന്റെ പെങ്ങളുടെ വേഷമായിരുന്നു ചെയ്തത്. സാറിന്റെ മുമ്പില്‍ വരുന്നതോര്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. പക്ഷേ സാര്‍ വളരെ കംഫര്‍ട്ടബിളായാണ് പെരുമാറിയത്. അതോടെ ആ പേടി മാറി.
പ്രവാസജീവിതം കലാകാരിയാക്കി
ഞാന്‍ എട്ടാം ക്ലാസുവരെ ദുബായിലാണ് പഠിച്ചത്. അതിനുശേഷം ഹരിപ്പാടായിരുന്നു. വിവാഹശേഷം വീണ്ടും പ്രവാസിയായി. ആദ്യം ദുബായിലായിരുന്നു. ആ സമയത്തും ജോലിയും വീട്ടുകാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു. ബഹ്റനിലെത്തി ജോലി ചെയ്യാത്തതിനാല്‍ ധാരാളം സമയം കിട്ടിയപ്പോള്‍ മലയാളി സംഘടനയില്‍ ആക്ടീവായി പ്രവര്‍ത്തിച്ചു. ധാരാളം പ്രോഗ്രാമുകളില്‍ അവതാരികയായി.
ആ സമയത്താണ് ട്രൂത്ത് ഇന്ത്യ ടിവി ചാനല്‍ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. നാടകത്തില്‍ ലീഡ് റോളായിരുന്നു. നാടകമല്ലേ കുറച്ച് ഡയലോഗുകളേ ഉണ്ടാവുകയുള്ളൂ എന്നോര്‍ത്ത് ഞാന്‍ സമ്മതിച്ചു. സ്ക്രിപ്റ്റ് കൈയില്‍ തന്നപ്പോള്‍ ഞെട്ടിപ്പോയി.
100 പേജുള്ള സ്ക്രിപ്റ്റില്‍ എണ്‍പതോളം പേജുകള്‍ എനിക്കുള്ള ഡയലോഗായിരുന്നു. ടിക്കറ്റെടുത്ത് നടത്തുന്ന നാടകം, കാഴ്ചക്കാരായി ആയിരക്കണക്കിനാളുകള്‍. അതോര്‍ത്തപ്പോള്‍ എനിക്ക് പേടിയായി. ഒപ്പം അഭിനയിക്കുന്നവരൊക്കെ എക്സ്പീരിയന്സ്ഡായവരാണ്.
ലീഡ് റോള്‍ ചെയ്യുന്ന ഞാന്‍ നന്നായി ചെയ്തില്ലെങ്കില്‍ നാടകം മോശമാകുമെന്നോര്ത്തപ്പോള് ടെന്‍ഷന്‍ കൂടി. നാടകം ചെയ്യാന്‍ പറ്റില്ലെന്ന് പറയാനൊരുങ്ങിയപ്പോള്‍ ഭര്‍ത്താവാണ് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്. എനിക്കാ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം സപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണ് ആ നാടകം ചെയ്തത്.
പിന്നീട് കൈരളിയില്‍ ന്യൂസ് റീഡറായി. അന്നൊക്കെ വാര്‍ത്ത വായിക്കുന്നതിന് അഞ്ചോ പത്തോ മിനിറ്റു മുമ്പാണ് വാര്‍ത്തകള്‍ തരുന്നത്. നാടകത്തിനുവേണ്ടി സ്ക്രിപ്റ്റ് വായിച്ച് പഠിച്ചതുകൊണ്ട് വാര്‍ത്തകള്‍ കാണാപ്പാഠം പഠിക്കാന്‍ എളുപ്പമായിരുന്നു. പിന്നീട് അപ്രതീക്ഷിതമായി സീരിയലിലെത്തി.
നാടകമാണ് എന്നെ സീരിയലിലെത്തിച്ചത്. ചെറിയന്നൂര് ജയപ്രസാദ് സാറിന്റെ നാടകമായിരുന്നത്. അദ്ദേഹത്തിന്റെ സുഹൃത്താണ് കുങ്കുമപ്പൂവിന്റെ പ്രൊഡ്യൂസര്‍. നാടകത്തെ കുറിച്ച് സംസാരിച്ച കൂട്ടത്തില്‍ എന്നെക്കുറിച്ചും ജയപ്രസാദ് സാര്‍ പറഞ്ഞിരുന്നു.
അപ്പോഴാണ് എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ കുങ്കുമപ്പൂവ്, മായാമോഹിനി, ഏഴുരാത്രികള്‍ എന്നീ സീരിയലുകള്‍ ചെയ്തു. ഏഴുരാത്രികളില്‍ അഭിനയിക്കുമ്പോഴാണ് സത്യന് സാറിന്റെ സിനിമയില്‍ നിന്ന് ഓഫര്‍ വരുന്നത്.
ആദ്യമൊക്കെ അഭിനയിക്കാനായി ബഹ്റെനില്‍ നിന്ന് വന്നുപോകുകയായിരുന്നു. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയതോടെ ഞങ്ങള്‍ തിരുവനന്തപുരത്ത് സെറ്റിലായി.
പുതിയ ചിത്രങ്ങള്‍
ലൈക്ക, കൊണ്ടോട്ടിപ്പൂരം എന്നീ സിനിമകള്‍ക്കൊപ്പം ഒരു കന്നഡ സിനിമ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ചില സിനിമകളില്‍ നിന്ന് കൂടി ഓഫറുകള്‍ വരുന്നുണ്ട്.
കുടുംബം
ഏറ്റവും കൂടുതലെന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ഭര്‍ത്താവ് രമേഷാണ്. ഞങ്ങള്‍ക്ക് രണ്ടു കുട്ടികളാണ്. മകള്‍ അദ്രജ രമേഷ് പ്ലസ് വണ്ണില്‍ പഠിക്കുന്നു. മകന് അദ്രിത് രമേഷ് മൂന്നാം ക്ലാസിലാണ്. വിജി തമ്പിസാറിന്റെ അയ്യപ്പ ശരണം എന്ന സീരിയലില്‍ അയ്യപ്പനായി അഭിനയിക്കുന്നത് അദ്രിതാണ്.
തുടക്കത്തില്‍ ഞാനഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. സിനിമകളൊക്കെ ചെയ്തശേഷം അവരും ഇപ്പോള്‍ സപ്പോര്‍ട്ടാണ്. ബന്ധുവീടുകളിലൊക്കെ ചെല്ലുമ്പോള്‍ ആദ്യം ചോദിക്കുന്നത് അടുത്ത പ്രോജക്ട് ഏതാണെന്നാണ്.
അശ്വതി അശോക്