
മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായിരുന്നു ജയന്. തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു അദ്ദേഹം. അതിസങ്കീര്‍ണ്ണമായ സ്റ്റണ്ട് രംഗങ്ങളില്‍ അപകടം ഉണ്ടാകുമോയെന്ന് പോലും നോക്കാതെ തന്റെ പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്ക്കുന്ന ജയനെ കുറിച്ചുള്ള ഓര്‍മകളില്‍ മനസ് തുറക്കുകയാണ് ഒരു പ്രമുഖ മാധ്യമത്തിലൂടെ സംഘട്ടന സംവിധായകന് ത്യാഗരാജന്.
'' തൊഴിലിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയായിരുന്നു ജയന്. താന്‍ കാരണം ഒരാള്‍ക്കും നഷ്ടമുണ്ടാകരുതെന്ന് അവന് നിര്‍ബന്ധമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് മുന്നോട്ടു കുതിക്കാനും കുതിരയുമായി ഗഌസ് ഹൗസ് തകര്‍ത്ത് വരാനും ഉയരത്തില്‍ നിന്ന് താഴേക്ക് എടുത്ത് ചാടാനും അഗ്നിക്കിടയില്‍ കിടന്ന് സ്റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയുണ്ടായിരുന്നില്ല. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ ജയന് കഴിയുകയും ചെയ്തു.
പിന്നീട് ജയനെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ക്കൊന്നും ആ പെര്ഫെക്ഷന്റെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല. 'അറിയപ്പെടാത്ത രഹസ്യത്തില്‍' ജയന് കാട്ടാനയില്‍ നിന്ന് ജയഭാരതിയെ രക്ഷിക്കുന്ന ഒരു സീനുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ തന്നെ അപകടം നിറഞ്ഞൊരു രംഗം. അത് ചിത്രീകരിക്കുമ്പോള്‍ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താനോങ്ങി. അത്ഭുതകരമായി അവന് രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് കാണാന്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെയുണ്ടായിരുന്നു. മൂന്നാമതും ആന കുത്താനോങ്ങിയപ്പോള്‍ പാപ്പാന്റെ സമര്‍ത്ഥമായ ഇടപെടലാണ് ജയനെ രക്ഷിച്ചത്.
ഷൂട്ടിംഗ് കണ്ടു നിന്ന ഒരു കുട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ഇത് ജയന്റെ അവസാന ആനപിടിത്തമാണ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ പാപ്പാന് എന്റെ അടുത്തു വന്നു. ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നയാള്‍ വളരെ രഹസ്യമായി പറഞ്ഞു. ആന പലതവണ ജയനെ കുത്താനോങ്ങുന്നത് കണ്ട് പാപ്പാന് വല്ലാതെ പേടിച്ചിരുന്നു. അത് അയാളുടെ വിശ്വാസമായി മാത്രമേ അന്നെനിക്ക് തോന്നിയുള്ളൂ. പക്ഷേ മൂന്ന് നാള്‍ക്കകം അത് സംഭവിക്കുകയും ചെയ്തു.'' ത്യാഗരാജന് പറയുന്നു.






