
ചെന്നൈ: ബി.ജെ.പിയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലചിത്ര താരവും മക്കല്‍ നീദി മയ്യം സ്ഥാപകനുമായ കമല്ഹാസന്. തമിഴുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നായിരുന്നു കമല്‍ഹാസിന്റെ പ്രതികരണം. ചെന്നൈ ലയോള കോളേജിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് കമല്ഹാസന് ബി.ജെ.പിയെ വിമര്‍ശിച്ചത്.
തമിഴ്, കര്‍ണാടക, തെലുങ്ക് എന്നീ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണ്. അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുതെന്ന് കമല്ഹാസന് ആവര്‍ത്തിച്ച് പറഞ്ഞു. വെല്ലൂരില്‍ ദലിതരെ പൊതു സ്മശാനത്തില്‍ സംസ്കരിക്കാന്‍ അനുവദിക്കാത്തതും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്മശാനം പണിയാന്‍ ശ്രമിക്കുന്നതിനേയും കമല്ഹാസന് വിമര്‍ശിച്ചു. കുറഞ്ഞത് ശ്മാശനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം. അവിടെ നിന്ന് നമുക്ക് തുടങ്ങാം. എന്റെ മരണത്തിന് ശേഷം ദലിത് സഹോദരന്മാരുടെ കൂടെ ഉണ്ടായിരിക്കട്ടെയെന്നും കമല്‍ പറഞ്ഞു.
രാഷ്ട്രീയ ഇടപെടല്‍, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ എന്നിവയെ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും കമല്‍ തന്റെ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇടപെടേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും സമൂഹത്തില്‍ നിന്ന് ആവശ്യമുള്ളതെടുക്കണമെന്നും കമല്ഹാസന് പറഞ്ഞു.






