
ആരാധികേ
മഞ്ഞുതിരും വഴിയരികെ
നാളേറെയായി കാത്തുനിന്നു മിഴിനിറയെ...
എന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ ഒരു മഞ്ഞുതുള്ളി പോലെ മലയാളികളുടെ മനസിലിടം നേടിയിരിക്കുകയാണ് അമ്പിളിയിലെ നായിക. ബംഗളൂരു മലയാളിയായ തന്വി റാം എന്ന പുതുമുഖമാണ് അമ്പിളിയുടെ ഹൃദയം കീഴടക്കിയ ആരാധിക. തന്‍വിയുടെ സിനിമ വിശേഷങ്ങളിലേക്ക്.
അമ്പിളിയുടെ നായിക
കുട്ടിക്കാലം മുതല്‍ സിനിമ സ്വപ്നം കാണുന്നതാണ്. മിസ് കേരള മത്സരമൊക്കെ കഴിഞ്ഞശേഷമാണ് ഓഡീഷനില്‍ പങ്കെടുത്തു തുടങ്ങുന്നത്. എന്റെ ഫോട്ടോ കണ്ടിട്ടാണ് അമ്പിളിയുടെ ഓഡീഷന് വിളിക്കുന്നത്. എറണാകുളത്തായിരുന്നു ഓഡിഷന്. നന്നായി ചെയ്തു. എന്നാലും വിളിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്‍വിയാണ് നമ്മുടെ ഹീറോയിന്ന് എന്നു വിളിച്ചു പറഞ്ഞു. അന്ന് തൊട്ട് ഞാന്‍ എക്സൈറ്റഡായിരുന്നു.
ഷൂട്ട് തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പ് ഒരു വര്‍ക്ക്ഷോപ്പ് നടത്തിയിരുന്നു. ആ രണ്ടാഴ്ചകൊണ്ട് ലൊക്കേഷനിലെല്ലാവരുമായി പരിചയമായി. പൂജ ദിവസമാണ് സൗബിനിക്കയെ കാണുന്നത്. ആദ്യ ദിവസങ്ങളില്‍ എനിക്ക് ഷൂട്ടിങ്ങുണ്ടായിരുന്നില്ല. കുറച്ചുദിവസം സെറ്റിലൊക്കെ പോയി പരിചയമായി കംഫര്ട്ടായശേഷമാണ് എന്റെ സീനുകള്‍ ചിത്രീകരിച്ചത്.
ബാങ്ക് ജോലിയ്ക്ക് ഇടവേള
പഠനം കഴിഞ്ഞയുടനെ ബാങ്ക് ഉദ്യോഗസ്ഥയായാണ് എന്റെ കരിയര്‍ തുടങ്ങുന്നത്. ഏഴ് വര്‍ഷത്തോളം ജോലി ചെയ്തു. ഇപ്പോള്‍ സിനിമയ്ക്കുവേണ്ടി ജോലി രാജി വച്ചു. ഒരുപാട് നാളായി സിനിമയില്‍ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് നല്ലൊരു അവസരം കിട്ടിയപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ തയാറായത്.
മിസ് കേരള ടു സിനിമ
മിസ് കേരള ഓഡീഷന് കാണാനെത്തിയ ഞാന്‍ മത്സരത്തില്‍ പങ്കെടുത്ത് ഫൈനലിസ്റ്റായി. അതോടെയാണ് എന്റെ കരിയര്‍ മാറിയത്. മിസ് കേരള മത്സരത്തില്‍ പങ്കെടുത്തതോടെ ഷോര്ട്ട്ഫിലിമുകളില് നിന്നും സിനിമയില്‍ നിന്നുമൊക്കെ ഓഫറുകള്‍ വരാന്‍ തുടങ്ങി.
ബംഗളൂരുവില്‍ ആയിരുന്നതുകൊണ്ട് സിനിമയുടെ ഓഡീഷന് നടക്കുന്നതിനെക്കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. എങ്കിലും നല്ലതെന്ന് തോന്നുന്ന സിനിമ ഓഡീഷനുകളില്‍ അപേക്ഷ അയയ്ക്കുകയും പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ഒന്നു രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തെങ്കിലും പലകാരണങ്ങളാല്‍ ആ അവസരം നഷ്ടമായി. ഇപ്പോഴാണ് എനിക്കുള്ള സമയം വന്നത്.
കുടുംബം
ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന ഒരു പാവം മലയാളി കുട്ടിയാണ് ഞാന്‍. ഫാമിലി ഗേളാണ്. അച്ഛന് രാമചന്ദ്രന്, മ്യൂസിക് ഷോപ്പ് നടത്തുന്നു, ഒപ്പം കേരള കരകൗശല വസ്തുക്കളുടെ ഷോറൂമുമുണ്ട്. അമ്മ ജയശ്രീ വീട്ടമ്മയാണ്. ചേട്ടന് സംഗീത്, മ്യൂസിക് അക്കാദമിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും നടത്തുന്നു.
അശ്വതി അശോക്