
കഴിഞ്ഞ ദിവസം ട്രെയിനിടിച്ച് മരിച്ച യാചകന്റെ സമ്പാദ്യം കണ്ട് പോലീസ് ഞെട്ടി. ആസാദ് എന്ന യാചകനാണ് മുംബൈയില്‍ വെച്ച് ട്രെയിനിടിച്ച് മരിച്ചത്. 11.5 ലക്ഷത്തില്‍ അധികം സമ്പാദ്യം ഇയാള്‍ക്കുണ്ടായിരുന്നു. നിലം പതിക്കാറായ ഒരു ഒറ്റമുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ബിറാഡി ചന്ദ് ആസാദ് (62) വര്‍ഷങ്ങളായി തെക്കുകിഴക്കന്‍ മുംബൈയിലെ ഗോവണ്ഡിയിലെ ചേരിയിലായിരുന്നു താമസിച്ചിരുന്നത്.
ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടിരുന്നത് മാറ്റി പരിശോധിച്ചപ്പോഴാണ് പോലീസ് ഞെട്ടിയത്. ബക്കറ്റിലും ചാക്കുകളിലുമായി നിറച്ച നാണയത്തൊട്ടുകളായിരുന്നു ഇത്. ബാങ്കില്‍ നിന്നുള്ള രസീതുകളും പാസ്ബുക്കുകളും ഒപ്പമുണ്ടായിരുന്നു. സ്ഥിര നിക്ഷേപമായി 8.77 ലക്ഷം രൂപ പല ബാങ്കുകളിലിട്ടതിന്റെ രേഖകളായിരുന്നു ആ രസീതുകള്‍. 96,000 രൂപ പാസ്ബുക്കില്‍ ബാലന്സുണ്ടായിരുന്നു.
കണ്ടെത്തിയ നാണയങ്ങള്‍ എണ്ണിനോക്കാന്‍ പോലീസ് തീരുമാനിച്ചു. എട്ടു മണിക്കൂറോളമെടുത്ത് ഒരു ഡസനോളം പോലീസുകാര്‍ എണ്ണി തീര്‍ന്നപ്പോള്‍ 1.77 ലക്ഷം രൂപ. ആസാദിന്റെ ആകെ സമ്പാദ്യം 11.5 ലക്ഷത്തിലേറെ രൂപ. വര്‍ഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച തുകയാണിതെന്നാണ് ചേരിയിലുള്ള ഇദ്ദേഹത്തിന്റെ പരിചയക്കാര് പറയുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലും മറ്റുള്ളവരോട് യാചിച്ചായിരുന്നു കണ്ടെത്തിയിരുന്നതെന്നും അവര്‍ പറയുന്നു.
ഗോവണ്ഡി റെയില്‍വേ സ്റ്റേഷനിലായിരുന്നു ആസാദിന്റെ പതിവായുള്ള ഭിക്ഷാടനം. 1.77 ലക്ഷം രൂപ വരുന്ന നാണയങ്ങള്‍ നിലവില്‍ ഗോവണ്ഡി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഒന്നരലക്ഷവും ബന്ധുക്കള്‍ക്കു കൈമാറാനാണു തീരുമാനം.






