
വന്യമൃഗങ്ങളുടെ ചിത്രമെടുക്കലാണ് കെനിയക്കാരനായ ഗ്രെന്‍ സൗര്‍ബിയെന്ന 69കാരന്റെ വിനോദം. വിനോദം മാത്രമല്ല അദ്ദേഹത്തിന്റെ തൊഴിലും അതുതന്നെയാണ്. വര്‍ഷങ്ങളായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ കാടുകളിലൂടെ കയറിയിറങ്ങുന്നു ഗ്രെന്‍. മറക്കാനാകാത്ത ഒരുപാട് ഒരുപാട് അനുഭവങ്ങള്‍ക്കിടയിലും കഴിഞ്ഞ മാസം കെനിയയിലെ മസായി മറയില്‍ വച്ചുണ്ടായ അനുഭവമാണ് തന്റെ ജീവിതത്തിലെ അനുഭവങ്ങളില്‍ അമൂല്യമായതെന്ന് ഇദ്ദേഹം പറയുന്നു.
ഒറ്റത്തിരിഞ്ഞുള്ള നടപ്പിനിടെ അകലയല്ലാതെ ഒരു സിംഹമുണ്ടെന്ന് ഗ്രെന്‍ മനസിലാക്കി. കാടിനോട് ഇടപഴകിയ വര്‍ഷങ്ങളുടെ പരിചയമാണിത്. ഗ്രെന്നിനാണെങ്കില്‍ സിംഹങ്ങളുടെ പടം എത്രയെടുത്താലും മതിവരില്ല. പുതിയ എന്തെങ്കിലും തടയുമോ എന്ന ചിന്തയില്‍ ഗ്രെന്‍ ക്യാമറ ഫോക്കസ് ചെയ്ത് തുടങ്ങി.
ഉഗ്രനൊരു സിംഹം. പ്രതാപിയായി ഇങ്ങനെ നടന്നു വരികയാണ്. ഗ്രന് ക്യാമറയുമായി സിംഹത്തിനടുത്തേയ്ക്ക് പതിയെ നീങ്ങി. ഉള്ളില്‍ പേചിയുണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ചാണ് നീക്കം. സിംഹവുമായി ഏതാണ്ട് 15 മീറ്ററോളം ദൂരമേ വരു. ഗ്രെന്‍ കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്താനായി തയ്യാറെടുത്തു.
പടം ക്ലിക്ക് ചെയ്യുന്നതിന് തൊട്ടുമുന്‍പായി അപ്രതീക്ഷിതമായി സിംഹം വായ പിളര്‍ന്ന് നീട്ടിയൊരു അലര്‍ച്ചയാണ്. അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയെന്നാണ് കരുതിയെങ്കിലും ക്യാമറ കൈവിട്ടില്ല. ആ അലര്‍ച്ചയുടെ ചിത്രവും അങ്ങനെ അബദ്ധത്തില്‍ കയ്യില്‍ വന്നു വീണു.
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ര രസകരമായാണ് ഗ്രെന്‍ ആ സംഭവത്തെ ഓര്‍ക്കുന്നത്. എന്തായാലും അലര്‍ച്ചയ്ക്ക് ശേഷം ആശാന് ഉഗ്രനൊരു പോസും കൊടുത്ത് അനുഗ്രഹിച്ച് ശേഷമാണ് ഗ്രെന്നിനെ തിരിച്ചയച്ചത്. താനെടുത്ത സിംഹങ്ങളുടെ ചിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ഗ്രെന്‍ ഈ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്.






